video
play-sharp-fill
പാമ്പാടിയിൽ വീടിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം: റെയിൽ സ്‌റ്റേഷനിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജയനെ കണ്ടത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ

പാമ്പാടിയിൽ വീടിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം: റെയിൽ സ്‌റ്റേഷനിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജയനെ കണ്ടത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ

ക്രൈം ഡെസ്‌ക്

കൂരോപ്പട: രാത്രി വൈകി റെയിൽവേ സ്റ്റേഷനിലേയ്ക്ക് യാത്രക്കാരെയുമായി പോകാനിറങ്ങിയ ഓട്ടോഡ്രൈവറെ വീടിനു സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കൂവപ്പൊയ്കയിൽ കെ.എസ്.വിജയകുമാറിനെയാണ് (വിജയൻ -51) വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി വൈകി വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ വിജയന്റെ മൃതദേഹം രാവിലെ വീടിനു സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പാമ്പാടി സി.ഐ.യൂ.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തിന് വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരെ എത്തിക്കണമെന്ന് പറഞ്ഞ് വിജയൻ പോയതാണെന്ന് വീട്ടുകാർ പറഞ്ഞു.രാവിലെ വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭാര്യ ബിന്ദുവും
മക്കളായ അനന്തു, അനിൽ എന്നിവർ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വീടിന് സമീപമുള്ള റോഡിൽ ഓട്ടോറിക്ഷായ്ക്കുള്ളിൽ ഓട്ടോറിക്ഷായുടെ പിൻസീറ്റിന് താഴെ പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന രീതിയിൽ മൃതശരീരം കണ്ടെത്തിയത്.തുടർന്ന് പാമ്പാടി സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.സമീപത്തെ പുരയിടത്തിൽ നിന്ന് മദ്യക്കുപ്പിയും വിഷക്കുപ്പിയും പോലീസ് കണ്ടെത്തി. ഫോറൻസിക് വിദഗ്ധരും പരിശോധനകൾക്ക് എത്തി.മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രമേഹ രോഗിയായ വിജയൻ വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇരുകാലുകൾക്കും ശസ്ത്രക്രിയ നടത്തിയിരുന്നു. രോഗത്തെത്തുടർന്ന് വിജയൻ കടുത്ത സാമ്പത്തിക, മനോവിഷമത്തിലുമായിരുന്നു. രണ്ട് ദിവസം മുൻപാണ് ചികിത്സക്ക് ശേഷം വീട്ടിലെത്തിയത്.
സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് എട്ടിന് വീട്ടുവളപ്പിൽ.