ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി പോലീസുകാരന്റെ ഓസ് യാത്ര; പിന്നാലെയെത്തി സസ്‌പെൻഷൻ

ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി പോലീസുകാരന്റെ ഓസ് യാത്ര; പിന്നാലെയെത്തി സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

തൃശൂർ : ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി ഓസിനു യാത്ര ചെയ്ത പോലീസുകാരന് സസ്പെൻഷൻ. തൃശൂർ വെങ്ങിണിശേരി സ്വദേശിയായ ആഘോഷിന്റെ ഓട്ടോറിക്ഷയിലാണ് പോലീസുകാരൻ തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചത്. രണ്ടു കിലോമീറ്റർ പിന്നിട്ട് മുൻസിപ്പൽ റോഡിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ കാശു ചോദിച്ച ആഘോഷിനോട്, ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണ്, കാശു കൊടുത്ത് പോകാറില്ലെന്നായി. കാശു വേണമെന്ന് ഓട്ടോ ഡ്രൈവറും. തർക്കംമൂത്ത് ഇരുവരും പൊലീസ് കൺട്രോൾ റൂമിലേക്ക് പോയി. കൺട്രോൾ റൂമിൽ ഇറങ്ങിയ ഉടനെ, പൊലീസുകാരൻ ഡ്രൈവറെ മർദ്ദിച്ചു. മുഖത്താണ് മർദ്ദനമേറ്റത്. പല്ലിളകിയതിനാൽ ഓട്ടോ ഡ്രൈവർ ചികിത്സ തേടി. പിറ്റേന്നു രാവിലെ നേരെ തൃശൂർ ഈസ്റ്റ് സി.ഐ. കെ.സി.സേതുവിന് പരാതി നൽകി. ഡ്രൈവറുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സി.ഐ. കേസെടുക്കുകയായിരുന്നു.

ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിനെതിരെയാണ് കേസ്. പോലീസുകാരനെ സസ്‌പെൻഡ് ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീശ്ചന്ദ്ര ഉത്തരവിട്ടു. പൊലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കൂലി നൽകാതെ യാത്ര ചെയ്യുന്നവർ സേനയ്ക്കു നാണക്കേടാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group