ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു, രക്ഷകരായി ബൈക്ക് യാത്രക്കാർ, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Spread the love

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെയാണ് അപകടം.

 

പിന്നാലെ വന്ന ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.