ഓസീസ് മണ്ണിൽ പടുകൂറ്റർ സ്‌കോർ ഉയർത്തി ഇന്ത്യ: സെഞ്ച്വറിയുമായി പൂജാരയും പന്തും: നാലാം ടെസ്റ്റിൽ ഇന്ത്യ രാജകീയമായി തുടങ്ങി

ഓസീസ് മണ്ണിൽ പടുകൂറ്റർ സ്‌കോർ ഉയർത്തി ഇന്ത്യ: സെഞ്ച്വറിയുമായി പൂജാരയും പന്തും: നാലാം ടെസ്റ്റിൽ ഇന്ത്യ രാജകീയമായി തുടങ്ങി

സ്‌പോട്‌സ് ഡെസ്‌ക്

സിഡ്‌നി: ഓസീസിന്റെ ഭാഗ്യ ഗ്രൗണ്ടായന സിഡ്‌നിയിൽ പടുകൂറ്റൻ സ്‌കോർ അടിച്ചു കൂട്ടി ഇന്ത്യ. സ്പിന്നിനെ പിൻതുണയ്ക്കുന്ന പിച്ചിൽ മികച്ച റൺനിരക്കുമായി ചേതേശ്വർ പൂജാരയും, ഋഷഭ് പന്തും നിറഞ്ഞതോടെയാണ് അറൂനൂറിനു മുകളിലുള്ള ടോട്ടൽ അടിച്ചു കൂട്ടിയത്. ഇരട്ടസെഞ്ച്വറിയ്ക്ക് ഏഴു റണ്ണകലെ പുരത്തായ പൂജാരയും, (373 പന്തിൽ 193), ഒന്നര സെഞ്ച്വറി പൂർത്തിയാക്കി പുറത്താകാതെ നിന്ന പന്തും (189 പന്തിൽ 159) ചേർന്നാണ് ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്‌കോർ സമ്മാനിച്ചത്. നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റിന് 622 റണ്ണിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. 114 പന്തിൽ 81 റണ്ണെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെയാണ് കോഹ്ലി ബാറ്റിങ് അവസാനിപ്പിക്കാൻ നിർദേശം നൽകിയത്.
ഒന്നാം ദിനത്തിൽ 303/4 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ശേഷം വിഹാരിയും പൂജാരയും ചേർന്ന് ശ്രദ്ധയോടെയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലെ പത്ത് ഓവർ വരെ ഈ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. 26 റൺ കൂടി കൂട്ടിച്ചേർത്തതോടെ സഖ്യം പൊളിഞ്ഞു. 96 പന്തിൽ 42 റണ്ണെടുത്താണ് വിഹാരി മടങ്ങിയത്. 418 ൽ സ്‌കോർ എത്തും വരെ പന്തും പൂജാരയും ചേർന്നുള്ള സഖ്യം മുന്നോട്ടു പോയി. സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെയുണ്ടായ സ്‌ട്രൈറ്റ് ഡ്രൈവ് ലക്ഷ്യം തെറ്റി സ്പിന്നർ നഥാൻ ലയോണിന്റെ കയ്യിലെത്തിയതോടെ പൂജാരയുടെ കാര്യം കഴിഞ്ഞു. പിന്നീട് ജഡേജയും പന്തും ചേർന്നുള്ള തേരോട്ടമായിരുന്നു. 418 ൽ ഒത്തു ചേർന്ന സഖ്യം പിരിയുമ്പോഴേയ്ക്കും 204 റൺ ഇന്ത്യൻ അക്കൗണ്ടിൽ കൂട്ടിച്ചേർത്തിരുന്നു. നഥാൻ ലയോണിന്റെ പന്തിൽ ജഡേജ ബൗൾഡ് ആയതോടെ കോഹ്ലി ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു.
ഓസീസ് നിരയിൽ നഥാൻ ലയോൺ 57 ഓവറിൽ 178 റൺ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹെയ്‌സൽ വുഡ് രണ്ടും, മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിനു ഇറങ്ങിയ ഓസീസിന്റെ ഓപ്പണർമാർ എം.എസ് ഹാരിസും (29 പന്തിൽ 19), ഉസ്മാൻ ഖവാജയും (31 പന്തിൽ അഞ്ച് ) വിക്കറ്റ് നഷ്ടപ്പെടാതെ 24 എന്ന സ്‌കോറിൽ ഓസീസിനെ എത്തിച്ചിട്ടുണ്ട്. മൂന്നാം ദിവസങ്ങൾ പിച്ചിൽ ഓസീസ് അത്ഭുതങ്ങൾ കാട്ടിയില്ലെങ്കിൽ കളി സ്വാഭാവികമായി സമനിലയിൽ കലാശിക്കും. ഇതിലൂടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിക്കും.