മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തി ; നല്കില്ലാന്ന് പറഞ്ഞതിന് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൃശൂർ: മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവർ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയില്‍. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ് പിടിയിലായത്. ഇവരിൽ നിന്നു എയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തു.
തൃശൂർ പൂത്തോളിൽ ഇന്നലെ രാത്രിയാണ് സംഭവം. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റില്‍ രാത്രി ഒൻപത് മണിക്ക് ശേഷമാണ് സംഘം മദ്യം വാങ്ങാൻ എത്തിയത്. സമയം കഴിഞ്ഞതിനാൽ മദ്യശാലയുടെ ഷട്ടർ പാതി അടച്ച നിലയിലായിരുന്നു. ജീവനക്കാർ ഔട്ട്ലെറ്റ് അടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെയാണ് നാലംഗ സംഘം വന്നു ഷട്ടറിൽ മുട്ടി മദ്യം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രവർത്തനം അവസാനിച്ചെന്നും മടങ്ങിപ്പോകണമെന്നും ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് മദ്യം കിട്ടാതെ പോകില്ലെന്നു പറഞ്ഞു സംഘം ജീവനക്കാരോടു തട്ടിക്കയറി. പിന്നാലെ എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും നാല് പേരും സ്ഥലം വിട്ടിരുന്നു. തുടർന്നു ബാറുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.