
സ്വന്തം ലേഖകൻ
കുമളി: വനിത ഫോറസ്റ്റ് ഗാർഡിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തേനിയിൽ ഫോറസ്റ്ററി ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 40കാരിയെയാണ് ഓട്ടോ ഡ്രൈവർ പെരിയകുളം നോർത്ത് വടകരൈ നവനീത കൃഷ്ണൻ(21) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ വനിതയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ നവനീത കൃഷ്ണൻ നിരവധി പോക്സോ കേസുകളിൽ പ്രതിയായി ഗുണ്ടാ ചട്ട പ്രകാരം ജയിലിൽ കഴിഞ്ഞ ആളാണെന്ന് പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച പുലർച്ച മൂന്നിന് തേനി ജില്ലയിലെ പെരിയകുളത്താണ് സംഭവം. വൈഗ ഡാം ഏരിയയിലെ ഫോറസ്ട്രി ട്രെയിനിങ് കോളജിൽ ഗാർഡുകളുടെ മൂന്നുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വനിത ഗാർഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ധർമപുരി ജില്ലയിലെ അരൂർ സ്വദേശിനിയായ ഇവർ യാത്ര ചെയ്ത ബസ് പെരിയകുളം സ്റ്റാൻഡിൽ കയറാതെ തേനി റോഡിലെ മുനന്തൽ ബസ് സ്റ്റോപ്പിലാണ് നിർത്തിയത്. ഇതോടെ ബസിൽനിന്ന് ഇറങ്ങിയ ഇവർ ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോറിക്ഷ കാത്തുനിന്നു. ഇതേ ക്യാമ്പിൽ പങ്കെടുക്കാൻ സേലം ജില്ലയിൽനിന്നുള്ള സ്വാമിവേൽ എന്ന ഫോറസ്റ്റ് ഗാർഡും എത്തി. ഇരുവരും ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്.
പെരിയകുളം ബസ് സ്റ്റാൻഡിലേക്ക് പോകാൻ നിർദേശം നൽകിയെങ്കിലും ഓട്ടോ പെരിയകുളം സ്റ്റാൻഡിലേക്ക് പോകാതെ ഇരുവരെയും കൊണ്ട് ഊടുവഴിയിലേക്ക് കയറി. തുടർന്ന് താമരക്കുളം, ലക്ഷ്മിപുരം വഴി തേനി കോടതി പടിക്ക് സമീപം വരട്ടയാർ ഭാഗത്തേക്ക് പോയി.
സംശയം തോന്നിയതോടെ സ്വാമിവേൽ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. ഓട്ടോ നിർത്തി സ്വാമിവേൽ ഇറങ്ങിയ നേരം വനിത ഗാർഡുമായി ഓട്ടോ കടന്നുകളഞ്ഞു. ഓട്ടോയിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വനിത ഗാർഡിന് റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു.