play-sharp-fill
അട്ടപ്പടിയിൽ കാര്‍ കൊമ്ബില്‍ കോര്‍ത്ത് ഉയര്‍ത്തി ഒറ്റയാന്‍;തലനാരിഴക്ക് രക്ഷപെട്ട് മയിലാത്തയും പേരക്കുട്ടികളും

അട്ടപ്പടിയിൽ കാര്‍ കൊമ്ബില്‍ കോര്‍ത്ത് ഉയര്‍ത്തി ഒറ്റയാന്‍;തലനാരിഴക്ക് രക്ഷപെട്ട് മയിലാത്തയും പേരക്കുട്ടികളും

സ്വന്തം ലേഖകൻ

അട്ടപ്പാടി: അട്ടപ്പാടിയില്‍ കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ട് വയോധികയും, രണ്ട് കുട്ടികളടക്കമുള്ള അഞ്ച് പേര്‍.പരപ്പൻത്തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. 80 വയസുള്ള വയോധിക മയിലാത്തയും പേരക്കുട്ടികളും, ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മൂന്ന് തവണയാണ് കാട്ടാന കൊമ്ബില്‍ കോര്‍ത്ത് ഉയര്‍ത്തിയത്.


കുട്ടികളടക്കമുള്ളവര്‍ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്മാറിയത്. ബന്ധുവീട്ടിലെ ചടങ്ങിന് വേണ്ടി പോയ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. ആറ് മണി കഴിഞ്ഞ് ഈ മേഖലയിലൂടെ പോകാന്‍ പറ്റാത്ത സ്ഥിതിയാണ് മേഖലയിലെന്നും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബത്തിന്‍റെ ബന്ധു പറയുന്നു. കാട്ടാനയുടെ ആക്രമണം മേഖലയില്‍ പതിവാണ്. റോഡ് മോശവും വളവും തിരിവും ഏറെയുള്ളതിനാലും പെട്ടന്ന് വണ്ടി മാറ്റിക്കൊണ്ട് പോകാനാവാത്ത സാഹചര്യവുമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന കാറിന് വട്ടം നിന്നപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം ഉണ്ടായിരുന്നത്. എന്നാല്‍ കാറിന്‍റെ ബോണറ്റില്‍ കൊമ്ബില്‍ കോര്‍ത്ത് മൂന്ന് തവണയാണ് ഒറ്റയാന്‍ ഉയര്‍ത്തിയത്. കൊമ്ബിലുയര്‍ത്തി നിലത്തടിക്കുന്നതിന് മുന്‍പ് നിലത്ത് വച്ചത് മൂലം വലിയ അപകടമാണ് വഴി മാറിയത്. കാറിന്‍റെ പല ഭാഗങ്ങളിലും കൊമ്ബ് കുത്തിയത് മൂലമുള്ള കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

കാറിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ കാര്‍ നിലത്ത് വച്ച ഒറ്റയാന്‍ ഏറെ നേരം കാറിന് ചുറ്റിത്തിരിഞ്ഞ ശേഷമാണ് റോഡി മറുവശത്തുള്ള പുഴയിലേക്ക് ഇറങ്ങിപ്പോയത്. ആറുമണിക്ക് ശേഷം പുറത്തിറങ്ങാതിരിക്കാനാണ് നാട്ടുകാര്‍ ശ്രമിക്കുന്നത്. ജോലിക്കും ആശുപത്രി ആവശ്യത്തിനുമായി പുറത്തിറങ്ങേണ്ടി വരുന്നവര്‍ ആനയുടെ ആക്രമണത്തില്‍ ജീവന്‍ കയ്യിലെടുത്ത് രക്ഷപെടേണ്ട സാഹചര്യമാണ് ഈ മേഖലയില്‍.