അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ല
സ്വന്തം ലേഖകൻ
അട്ടപ്പാടി : അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോർട്ട്. കാണാതായത് മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അടക്കമുള്ളവരെ. കനത്ത മഴയെത്തുടർന്ന് വരകാർ പുഴ നിറഞ്ഞൊഴുകുന്നതിനാൽ കാട്ടിൽ കുടുങ്ങിയതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം യാത്ര തിരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ വരകാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതേതുടർന്ന് ഇവർ വനത്തിൽ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ. കാണാതായ ആറംഗ സംഘത്തിന് വേണ്ടി വനംവകുപ്പും പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയർലെസ് സംവിധാനങ്ങളും മൊബൈൽ ഫോണുകളും ഉൾപ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ ആറംഗ സംഘത്തിന്റെ കൈവശമുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഒരു ദിവസത്തെ ഭക്ഷണം മാത്രം ശേഖരിച്ചാണ് സാധാരണ കഞ്ചാവ് വേട്ടയ്ക്കായി ഉദ്യോഗസ്ഥർ കാടുകയറുന്നത്. അതിനാൽ തിങ്കളാഴ്ച പോയ സംഘം ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടിരുന്നുവെന്ന് മനസിലായിട്ടുണ്ട്. ഇതാണ് സംഘത്തെ കുറിച്ചുള്ള അവസാന വിവരവും. മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമായതോടെ പോലീസും എക്‌സൈസും പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്നാണ് വനംവകുപ്പ് ഉൾക്കാടുകളിൽ തെരച്ചിലിന് പോകാൻ തുടങ്ങിയത്.