
ബിയർ നല്കണമെന്ന ആവശ്യം നിരസിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ചു; പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ പ്രതികൾ കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലോഡ്ജിൽ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയെടുത്തവർ; നെടുങ്കണ്ടം സ്വദേശികളായ നാലംഗസംഘത്തെ പൊലീസ് കുടുക്കി
സ്വന്തം ലേഖകൻ
കുമളി: കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലോഡ്ജിൽ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയ സംഭവത്തിൽ നാലുപേർ പിടിയിൽ. മത്സ്യ വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരുക്കേൽപ്പിച്ച ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയത്. നെടുങ്കണ്ടം സ്വദേശികളായ പച്ചടി പള്ളിക്കടവിൽ അനൂപ്, പുല്പ്പാറ പുത്തൻ വീട്ടിൽ സവിൻ, തെക്കേപറമ്പിൽ മഹേഷ്, ആറാട്ടുചാണിൽ ആഷിൻ എന്നിവരാണ് പിടിയിലായത്.
കുമളിയിലെ സ്വകാര്യ ബാറിൽ കയറി മദ്യപിച്ച ശേഷം പുറത്തിയ സംഘം സമീപത്തെ മത്സ്യ വ്യാപാര സ്ഥപനത്തിലെ തൊഴിലാളി ബിയറുമായി വരുന്നത് കണ്ടു. ബിയർ തങ്ങൾക്ക് നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തൊഴിലാളി ഇതിനു വഴങ്ങാതെ കടയിലേക്ക് കയറിപ്പോയി. പുറകെയെത്തിയ നാലംഗ സംഘം തൊഴിലാളിയെ കടക്കുള്ളിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ തുടർന്ന് മദ്യപിക്കാൻ പണം കണ്ടെത്താൻ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കുമളിയിലെ ലോഡ്ജിൽ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളിൽ പരിശോധന നടത്തി. 1250 രൂപ ഒരാളുടെ ബാഗിൽ നിന്നും എടുക്കുകയും ചെയ്തു.
പുറത്തു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ലോഡ്ജില്‍ നിന്ന് കടന്നു കളയുകയായിരുന്നു ഇവര്‍. ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച കേസിൽ പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരിൽ നാലുപേർ ലോഡ്ജിൽ അക്രമം നടത്തിയ കാര്യം പുറത്തറിയുന്നത്.
തുടർന്ന് കുമളി ഒന്നാംമൈലിലെ സ്വകാര്യ കടകളിൽ ജോലി ചെയ്തിരുന്ന ഇവരെ പിടികൂടുകയായിരുന്നു. കുമളി എസ്.ഐ. പി ടി അനൂപ് മോൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു