നഗരമധ്യത്തിലെ നൈസ് ബേക്കറി ഉടമയെ വീടിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു: അക്രമിയെ നാട്ടുകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; അക്രമം തിരുവാതുക്കൽ മണ്ണാന്തറയിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിനു സമീപം പ്രവർത്തിക്കുന്ന നൈസ് ബൈക്കറി ഉടമയെയും ജീവനക്കാരനെയും വീടിനുള്ളിൽ കയറി അക്രമി കുത്തിപ്പരിക്കേൽപ്പിച്ചു. നൈസ് ബൈക്കറി ഉടമ തിരുവാതുക്കൽ മണ്ണാന്തറയിൽ കാലായിൽ കബീർ, ഇദ്ദേഹത്തിന്റെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ബബ് ലു എന്നിവർക്കാണ് പരിക്കേറ്റത്. കത്രികയുമായി വീടിനുള്ളിൽ കയറിയ അക്രമി കബീറിനെയും, ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. പ്രതി ഇല്ലിക്കൽ സ്വദേശി അജീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവാതുക്കൽ മണ്ണാന്തറ ഭാഗത്തെ വീട്ടിലായിരുന്നു അക്രമം. വാതിൽ തുറന്ന് കിടന്നതോടെ കത്രികയുമായി വീടിനുള്ളിൽ കയറി വന്ന അക്രമി കബിറിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നോക്കി നിൽക്കെയായിരുന്നു ഭീഷണി മുഴക്കിയശേഷം ആക്രോശത്തോടെ പ്രതി ആക്രമണം നടത്താൻ ഒരുങ്ങിയത്. ബഹളം കേട്ട് ഓടിയെത്തിയ ബബ് ലുവിനെ ആദ്യം കത്രിക വീശി അകറ്റി നിർത്താൻ ശ്രമിച്ചു. എന്നാൽ, ബബ് ലുവും കബീറും ചേർന്ന് മൽപ്പിടുത്തത്തിലൂടെ അക്രമിയെ കീഴടക്കുകയായിരുന്നു.
ഇതിനിടെ ബഹളം കേട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് ആർ.തുമ്പയിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ഓടെയെത്തി. ഇവരെല്ലാം ചേർന്ന് പ്രതിയെ പിടിച്ചു കെട്ടി. തുടർന്ന് കൺട്രോൾ റൂം പൊലീസ് സംഘത്തെ വിളിച്ചു വരുത്തി ഇയാളെ കൈമാറി. അജേഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തോടു പറഞ്ഞു. ഇയാൾ നേരത്തെയും കബീറിനെ കടയിൽ കയറി ആക്രമിക്കാൻ ശ്രമിച്ചതിനു പരാതിയുണ്ട്. നിസാര പരിക്കേറ്റ കബീറും, ബബ് ലുവും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.