പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് ആരോപണം

Spread the love

കണ്ണൂർ ജില്ലയിലെ പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചു തകര്‍ത്തു. കാറിന് തീയിടുകയും ചെയ്തു. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമവും നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിക്കുന്നത്.

video
play-sharp-fill

പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത്, കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂര്‍ പെരളം പഞ്ചായത്തിലെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ചോദ്യംചെയ്ത യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും കണ്ടോത്ത് സ്‌കൂളിലെ ബൂത്തില്‍ ഒരു സ്ത്രീ നാല് വോട്ട് ചെയ്‌തെന്നും യുഡിഎഫ് ആരോപിക്കുന്നു. നാലാമത്തെ വോട്ട് ചെയ്യുമ്പോള്‍ കയ്യോടെ പിടികൂടിയെങ്കിലും പൊലീസ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം.