
മോസ്‌കോ: റഷ്യയിലെ രണ്ട് നഗരങ്ങളിൽ തോക്ക്ധാരികൾ ആരാധനാലയങ്ങളും ട്രാഫിക് പോസ്റ്റും ആക്രമിച്ചു. സംഭവത്തിൽ 15 പോലീസുകാരും വെടിവയ്‌പ്പ് നടത്തിയവരിൽ അഞ്ചുപേരും കൊല്ലപ്പെട്ടു.
ഡെർബെന്റ്, മഖാഖോല നഗരങ്ങളിലാണ് സംഭവമുണ്ടായത്. ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. പോലീസ് ഉടൻ പ്രത്യാക്രമണം നടത്തി. പോലീസുകാർക്കും അക്രമികൾക്കും പുറമേ ഒരു ഓർത്തഡോക്‌സ് പള്ളി പുരോഹിതനും മരിച്ചു.
നിരവധി സാധാരണക്കാരും വെടിയേറ്റ് മരിച്ചതായാണ് സൂചന. പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരമാണ് രണ്ടിടങ്ങളിലുമായി ആക്രമണമുണ്ടായത്. രണ്ട് ഓർത്തഡോക്‌സ് പള്ളികൾ, ഒരു സിനഗോഗ്, ട്രാഫിക് പൊലീസ് പോസ്റ്റ് എന്നിവയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരോഹിതനെ ആക്രമികൾ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് ഡഗെസ്‌റ്റെൻ പബ്ളിക് മോണിറ്ററിംഗ് കമ്മിഷൻ ചെയർമാൻ ഷമിൽ ഖദുലേവ് പറഞ്ഞു. ഫാദർ നികോളായ് എന്ന 66കാരനായ പുരോഹിതനാണ് കൊല്ലപ്പെട്ടത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തിൽ വെടിയേറ്റു.
എന്നാൽ, ഇദ്ദേഹത്തിന്റെ നിലയെക്കുറിച്ച് വ്യക്തതയില്ല.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ഐസിസ് നടത്തിയ ആക്രമണത്തിൽ 140 പേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് മാസങ്ങൾക്കകം രണ്ട് നഗരങ്ങളിൽ ആക്രമണം ഉണ്ടായത്.
ഡഗെസ്‌റ്റെൻ പ്രവിശ്യയിൽ ആക്രമണം നടത്തിയവർ ഒരു അന്താരാഷ്‌ട്ര തീവ്രവാദ സംഘടനയിൽ അംഗമാണെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. റഷ്യയിലെ മുസ്‌ലീം ഭൂരിപക്ഷ മേഖലകളിലൊന്നാണ് ഈ പ്രവിശ്യ.
വളരെ കുറച്ച് ഓർത്തഡോക്‌സ് വിശ്വാസികളും അതിലും കുറവ് ജൂതരുമാണ് ഇവിടെയുള്ളതെന്നാണ് വിവരം. വൈകുന്നേരത്തെ പ്രാർത്ഥനയ്‌ക്ക് ശേഷം 40 മിനുട്ടുകൾക്കകമാണ് സിനഗോഗിൽ വെടിവയ്‌പ്പ് ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പള്ളികളും സിനഗോഗും തീപിടിച്ചിട്ടുമുണ്ട്.