അനധികൃത മണ്ണെടുപ്പിനെപ്പറ്റി പരാതി നൽകാനെത്തിയ വിവരാവകാശ പ്രവർത്തകനെ നഗരസഭ ഓഫിസിനുള്ളിലിട്ട് കരാറുകാർ തല്ലിച്ചതച്ചു: ക്രൂരമർദനമേറ്റ് രക്തമൊലിപ്പിച്ചു നിന്നിട്ടും നഗരസഭ ജീവനക്കാർ തിരിഞ്ഞു നോക്കിയില്ല
എ.കെ ശ്രീകുമാർ
കോട്ടയം: മണ്ണെടുപ്പിനെപ്പറ്റി പരാതി നൽകാൻ എത്തിയ വിവരാവകാശ പ്രവർത്തകന് നഗരസഭ ഓഫിസിനുള്ളിൽ കരാറുകാരുടെ ക്രൂര മർദനം. അടിയേറ്റ് ചോരയൊലിപ്പിച്ച് നിന്നിട്ടും നഗരസഭയിലെ ജീവനക്കാർ ആരും തന്നെ വിവരാവകാശപ്രവർത്തകനെ രക്ഷിക്കാനോ, ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. രണ്ടു മണിക്കൂറിനു ശേഷം മാധ്യമ പ്രവർത്തകർ വിളിച്ചപ്പോൾ മാത്രമാണ് തിരുവനന്തപുരത്തായിരുന്ന നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന പോലും വിവരം അറിയുന്നത്.നഗരസഭാ ഓഫീസിൽ നടന്ന അക്രമം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുന്നതിലടക്കം ജീവനക്കാർ ഗുരുതരമായ വീഴ്ച വരുത്തി. മർദ്ദനത്തിനിടെ മഹേഷിന്റെ മൊബൈൽ ഫോണും അക്രമികൾ ബലമായി പിടിച്ചു വാങ്ങി.’ വിവരാവകാശ പ്രവർത്തകൻ ചൂട്ടുവേലി എസ്.എച്ച് മൗണ്ട് ആറ്റുവായിൽ മഹേഷ് വിജയനാണ് ക്രൂരമായ മർദനം ഏറ്റുവാങ്ങേണ്ടി വന്നത്. ആറോളം കരാറുകാർ ചുറ്റിലും കൂടി നിന്ന് ക്രൂരമായി മർദിക്കുകയും, ചവിട്ടുകയും ചെയ്യുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെ നഗരസഭ ഓഫിസിലായിരുന്നു അക്രമ സംഭവങ്ങൾ. കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ ഐ.പി.സി ചർച്ചിനു സമീപം മണ്ണെടുക്കുന്നതു സംബന്ധിച്ചു പരാതി നൽകുന്നതിനായാണ് മഹേഷ് വിജയൻ നഗരസഭ ഓഫിസിൽ എത്തിയത്. കരാറുകാരുടെ മുറിയ്ക്കു മുന്നിലൂടെ നടന്നു പോയ മഹേഷിനെ പ്രകോപനം ഒന്നുമില്ലാതെ, കരാറുകാർ തടഞ്ഞു വച്ചു മർദിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദനമേറ്റ മഹേഷിന്റെ തല നഗരസഭാ ഓഫിസിലെ കമ്പ്യൂട്ടറിൽ ഇടിപ്പിച്ച ശേഷം പിടിച്ചു തള്ളിയപ്പോൾ വീണ മഹേഷിനെ നിലത്തിട്ട് ചവിട്ടിയ കരാറുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനമേറ്റ് രക്തം ഒലിപ്പിച്ച് നഗരസഭ ഓഫിസിനുള്ളിൽ നിന്ന മഹേഷിനെ ഇവിടെ നിന്നും ആശുപത്രിയിൽ എത്തിക്കാൻ പോലും ജീവനക്കാർ ആരും തയ്യാറായില്ല. നഗരസഭയിൽ നിന്നും നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച മഹേഷിനെ സർജൻ പരിശോധിച്ചെങ്കിൽ മാത്രമേ അഡ്മിറ്റ് ചെയ്യൂ എന്ന നിലപാടും ആശുപത്രി അധികൃതർ സ്വീകരിച്ചു.. മഹേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
നഗരസഭയിലെ അഴിമതിയ്ക്കും, അനധികൃത ഇടപാടുകൾക്കും മണ്ണെടുപ്പിനും എതിരെ ശക്തമായ നിലപാടാണ് മഹേഷ് സ്വീകരിച്ചിരിക്കുന്നത്. ഇതാണ് കരാറുകാർക്കും ഉദ്യോഗസ്ഥർക്കും മഹേഷിനോട് എതിർപ്പ് തോന്നാൻ പ്രധാന കാരണം.