play-sharp-fill
സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലെറിഞ്ഞു: മുറ്റത്ത് റീത്തും വച്ചു; അക്രമം നടത്തിയത് സി.പി.എമ്മെന്നു കോൺഗ്രസ്

സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലെറിഞ്ഞു: മുറ്റത്ത് റീത്തും വച്ചു; അക്രമം നടത്തിയത് സി.പി.എമ്മെന്നു കോൺഗ്രസ്

സ്വന്തം ലേഖകൻ

തൃശൂർ: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും വീടിനും നേരെയുള്ള അക്രമം തുടരുന്നു. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഇപ്പോൾ കുന്നങ്കുളത്തെ സ്ഥാനാർത്ഥിയുടെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ് വീട് തകർത്ത അക്രമി സംഘം വീടിനു മുന്നിൽ റീത്ത് സമർപ്പിക്കുകയും ചെയ്തു.

കുന്നങ്കുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ വീടിന് നേരെ കല്ലേറും വീടിന് മുന്നിൽ റീത്ത് സമർപ്പണവും നടത്തിയത്. കഴിഞ്ഞ ദിവസം യു.ഡി.എഫ് റോഡ് ഷോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇന്നലെ പുലർച്ചെ ആക്രമണം നടന്നത്. കാട്ടകാമ്പാലിലുള്ള ജയശങ്കറിന്റെ വീടിന്റെ മുൻവശത്തു നിന്നും പിറകു വശത്ത് നിന്നും കല്ലേറുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയുടെയും, മുൻഭാഗത്തെ ജനലുകളുടെയും ചില്ല് തകർന്നു. കാറിനും കേടുപാടുണ്ട്. പുലർച്ചെ നാലോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ അടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ചു. ഇവർ എഴുന്നേറ്റ് ലൈറ്റ് ഇട്ടതോടെ ആക്രമികൾ ഓടി രക്ഷപെട്ടു. സ്ഥലത്ത് പൊലീസെത്തി തെളിവെടുപ്പ് നടത്തി. ഈ സമയം ജയശങ്കർ സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ രാത്രിയിൽ കാട്ടാകാമ്പാലിൽ ചിറയ്ക്കലിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായിരുന്നു.

കല്ലേറിൽ പത്തോളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ് മണികണ്ഠൻ ആരോപിച്ചു. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, എ.സി.പി അനീഷ് വി. കോര തുടങ്ങി വൻ പൊലീസ് സംഘം സ്ഥലത്തെത്തി.