play-sharp-fill
പുതുവത്സരാഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്ന് പിടിച്ചു ; അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സി.പി.എം പ്രവർത്തകർ

പുതുവത്സരാഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്ന് പിടിച്ചു ; അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സി.പി.എം പ്രവർത്തകർ

സ്വന്തം ലേഖകൻ

കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നു പിടിച്ചു. വനിതാ എസ്.ഐയെ ആക്രമിച്ച ശേഷമാണ് യുവാവ് കടന്നുപിടിച്ചത്. യുവാവ് അറസ്റ്റിലായതിന് പിന്നാലെ പ്രതിയെ മോചിപ്പിക്കാൻ സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.

സംഭവത്തിൽ കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് സ്വദേശി ലുക്മാൻ ഹക്കീമിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പലയിടത്തും അഴിഞ്ഞാടിയ അക്രമികൾ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികൾ ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈലം വെള്ളാരംകുന്നിൽ ബി.ജെ.പി നേതാവായിരുന്ന മഠത്തിൽ ശശിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ആക്രമണത്തിൽ നാലു പേർക്ക് വെട്ടേറ്റിരുന്നു. ഇതേതുടർന്ന് ഈ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുകയുയായിരുന്നു.

പട്രോളിംഗിനായി വനിതാ എസ്.ഐയും സംഘവും പള്ളിക്കലെത്തിയപ്പോൾ ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാർ റോഡരികിലെ കടയ്ക്ക് സമീപത്ത് നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരോട് പിരിഞ്ഞുപോകാൻ എസ്.ഐ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ലുക്മാൻ ഹക്കീം എസ്.ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതേ തുടർന്ന് പൊലീസുകാർ ലുക്മാനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും സംഘർഷാവസ്ഥയിൽ കലാശിക്കുകയായിരുന്നു.

ബഹളത്തിനിടെ ലുക്മാൻ എസ്.ഐയുടെ കൈയിൽ കയറിപ്പിടിക്കുകയും ആക്രമിക്കാനും ശ്രമിച്ചു. എസ്. ഐ കുതറിമാറി. തുടർന്ന് പൊലീസുകാരും അക്രമികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അൽപനേരത്തിന് ശേഷം ലുക്മാനെ പൊലീസ് കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

യാത്രയ്ക്കിടെ വഴിയിൽ പലയിടത്തും സി.പി.എം പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ലുക്മാനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പണിപ്പെട്ടാണ് പ്രതിരോധിച്ചത്. മുസ്‌ളിം സ്ട്രീറ്റിൽ എത്തിയപ്പോൾ റോഡിൽ ബൈക്കുകൾ നിരത്തിവച്ച് ജീപ്പ് തടയാനും ശ്രമമുണ്ടായി. തുടർന്ന് ഡോർ അടിച്ചുതകർത്ത് ലുക്മാനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസെത്തിയതോടെ അക്രമികൾ പിൻവാങ്ങി.

ലുക്മാനെ സ്റ്റേഷനിലെത്തിച്ചപ്പോൾ സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരും ചേർന്ന് സ്റ്റേഷൻ വളയുകയും ചെയ്തു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

സംഭവത്തിൽ പരിക്കേറ്റ വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിനും ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജീപ്പ് തകർത്തതിനും പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിനുമടക്കം പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.