അഞ്ചംഗസംഘം പാതിരാത്രി വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു: മാതാപിതാക്കൾക്കും പരിക്ക്: വിഷ്ണുവും കാമുകിയുമായുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് നിഗമനം:ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോതമംഗലം: നേര്യമംഗലത്ത് അഞ്ചംഗസംഘം പാതിരാത്രി വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു.മാതാപിതാക്കള്‍ക്കും പരിക്കേറ്റു.
നേര്യമംഗലം 46 ഏക്കര്‍ കോളനിയില്‍ കണിശേരില്‍ വിഷ്ണു (24), മാതാപിതാക്കളായ പ്രകാശ്, ഉഷ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടിലെ അക്രമത്തിനുശേഷം നേര്യമംഗലം ടൗണിലെ വര്‍ക്ക്ഷോപ്പിലുണ്ടായിരുന്ന യുവാവിന്റെ കാര്‍ അക്രമിസംഘം അഗ്നിക്കിരയാക്കി.
നേര്യമംഗലം സ്വദേശി അഖിലിനെ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം അടുക്കളവാതിലൂടെയാണ് സംഘം വീടിനകത്തു കടന്നത്. വിഷ്ണുവിന് നേരെയായിരുന്നു ആദ്യ ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദംകേട്ട് എഴുന്നേറ്റ പ്രകാശും ഉഷയും തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ അവര്‍ക്കുനേരെയും തിരിഞ്ഞു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു.
വര്‍ക്ക്ഷോപ്പിലുണ്ടായിരുന്ന വിഷ്ണുവിന്റെ മാരുതി ഓള്‍ട്ടോ കാറാണ് അഗ്നിക്കിരയാക്കിയത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയ്ക്കും തീപിടിച്ചു. വര്‍ക്ക്ഷോപ്പിനും കേടുപാടുകളുണ്ട്. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
രാത്രിതന്നെ പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ മൂവരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ രാത്രിതന്നെ ചികിത്സതേടി.
വിഷ്ണുവും കാമികിയുമായുള്ള പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം.
ഇതുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്ബ് പോലീസ് ഇരുവരെയും വിളിപ്പിച്ച് ഒത്തുതീര്പ്പാക്കിയിരുന്നതായി പറയുന്നു. വിഷ്ണുവും മാതാപിതാക്കളും ഊന്നുകല്‍ പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.