play-sharp-fill
നഗരത്തിൽ തിങ്കളാഴ്ച അച്ചത്തമയ ഘോഷയാത്ര: മനസിലും നഗരത്തിലും ഓണം നിറയ്ക്കാൻ കർണ്ണാടകയിൽ നിന്നുള്ള കലാകാരന്മാർ എത്തും

നഗരത്തിൽ തിങ്കളാഴ്ച അച്ചത്തമയ ഘോഷയാത്ര: മനസിലും നഗരത്തിലും ഓണം നിറയ്ക്കാൻ കർണ്ണാടകയിൽ നിന്നുള്ള കലാകാരന്മാർ എത്തും

സ്വന്തം ലേഖകൻ
കോട്ടയം: ഓണത്തെ വരവേൽക്കുന്നതിനു മുന്നോടിയായി അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പൊലീസ് പരേഡ് മൈതാനത്ത് നിന്നും ആരംഭിക്കും. തിരുനക്കര മന്നം സാംസ്‌കാരിക സമിതി, കോട്ടയം നഗരസഭ, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്‌കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, കേരള ഹോട്ടൽ ആന്റ് റസ്റ്ററണ്ട് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ ബാങ്കുകൾ  എന്നിവയുടെ നേതൃത്വത്തിലുള്ള അത്തച്ചമയ ഘോഷയാത്ര പത്താം തവണയാണ് നഗരത്തിൽ അരങ്ങേറുന്നത്. 2009 ൽ ആരംഭിച്ച അത്തച്ചമയം കോട്ടയത്തിന്റെ ഓണവിളംബര സന്ദേശമായി മാറിയിരിക്കുകയാണ്.
കർണ്ണാടകയിൽ നിന്നുള്ള വരഗാഥടൊള്ളൂ, ബൊമ്മലാട്ട ഡാൻസ്, വീരഭദ്രൻ എന്നിവയാണ് ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ ഇനങ്ങൾ. തിരൂർ തെയ്യം, പുലികളി, അർജുന നൃത്തം, വേലകളി, കളരിപ്പയറ്റ്, വനിതാ ശിങ്കാരിമേളം, നാസിക് ഡാൻസ്, മാവേലി വേഷങ്ങൾ, കൊല്ലം ഡാവിഞ്ചി സുരേഷിന്റെ ഹൈഡ്രോളിക് ഫ്‌ളോട്ടുകൾ, പഞ്ചവാദ്യം എന്നിവയും അത്തച്ചമയ ഘോഷയാത്രയ്ക്ക് അകമ്പടിയായി രംഗത്ത് എത്തും.
തിങ്കളാഴ്ച വൈകിട്ട് നാലിന് പൊലീസ് പരേഡ് മൈതാനത്ത് സ്വാഗത സംഘം ചെയർമാൻ വി.എൻ വാസവൻ ഓണവിളംബര സമ്മേനളത്തിൽ അദ്ധ്യക്ഷത വഹിക്കും.  ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അത്തച്ചമയ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
മന്ത്രിമാർ , തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ കളക്ടർ സുധീർ ബാബു എന്നിവർ പ്രസംഗിക്കും. തുടർന്ന് തിരുനക്കരയിൽ നടക്കുന്ന ഓണവിളംബര സമ്മേളനത്തിൽ പ്രളയദുരിത ബാധിതർക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്യും.