എടിഎമ്മിൽ നിന്ന് പണമെടുക്കുന്നവർ സൂക്ഷിക്കുക: പുത്തൻ തട്ടിപ്പുമായി മോഷ്ടാക്കൾ: എടിഎം മെഷീനില്‍ പശ തേച്ച്‌ കാർഡുകള്‍ കുടുക്കി തട്ടിപ്പ് നടത്തുന്ന രണ്ടുപേർ പിടിയില്‍.

Spread the love

ഡല്‍ഹി: എടിഎം മെഷീനില്‍ പശ തേച്ച്‌ കാർഡുകള്‍ കുടുക്കി തട്ടിപ്പ് നടത്തുന്ന രണ്ടുപേർ പിടിയില്‍. തെക്കൻ ഡല്‍ഹിയിലെ നെബ്‌സരായ് സ്വദേശികളായ റൗഷൻ കുമാർ (23), പിന്റു കുമാർ (32) എന്നിവരാണ് പിടിയിലായത്.
ഡല്‍ഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളില്‍ അൻപതിലധികം തട്ടിപ്പുകള്‍ ഇവർ നടത്തി.

പ്രതികള്‍ എടിഎമ്മിന്റെ കാർഡ് സ്ലോട്ടില്‍ പശ പുരട്ടും. സമീപത്ത് വ്യാജ കസ്റ്റമർ കെയർ നമ്പരും ഒട്ടിക്കും. എടിഎമ്മില്‍ പണം പിൻവലിക്കാൻ വരുന്നവർ കാർഡിടുന്നതോടെ അത് പശയില്‍ ഒട്ടി കുടുങ്ങിപ്പോകുന്നതാണ് പതിവ്. സഹായത്തിനായി ഇവർ സമീപത്ത് പ്രദർശിപ്പിച്ചിരിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്ബറിലേക്ക് വിളിക്കുന്നതോടെ ബാങ്കിന്റെ പ്രതിനിധി എന്ന വ്യാജേന റൗഷനും പിന്റുവും സ്ഥലത്തെത്തും.

തുടർന്ന് ഇരകളില്‍ നിന്നും എടിഎം പിൻ കൈക്കലാക്കിയ ശേഷം കാർഡ് തിരികെ നല്‍കാമെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കും. ശേഷം അവരുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കും. ഒന്നോ രണ്ടോ മോഷണങ്ങള്‍ നടത്തിയ ശേഷം പ്രതികള്‍ സ്ഥലംവിടുന്നതിനാല്‍ മാസങ്ങളോളം ഇവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

സെപ്‌തംബർ 27ന് പശ്ചിം വിഹാർ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 35,000 രൂപ നഷ്‌ടപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. സമീപപ്രദേശങ്ങളിലും സമാനമായ ഒമ്പത് സംഭവങ്ങള്‍ ഇതിനകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എടിഎമ്മുകള്‍ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ആഴ്‌ചകള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്‌തത്. മോഷ്‌ടിച്ച മൂന്ന് എടിഎം കാർഡുകള്‍ ഇവരില്‍ നിന്നും പൊലീസിന് ലഭിച്ചു.