
കൊച്ചി: സ്വകാര്യ ഡിജിറ്റല്‍ സർവീസ് ആൻഡ് സൊല്യൂഷൻ സ്ഥാപനത്തിന്റെ സീനിയർ അക്കൗണ്ടന്റും ഓഫീസ് സ്റ്റാഫും ചേർന്ന് 41.42 ലക്ഷം രൂപ തട്ടിയെടുത്തു. ഡിജിറ്റല്‍ സർവീസ് സ്ഥാപനത്തിന്റെ സി.ഇ.ഒയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു.
പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2024 ഓഗസ്റ്റ് മുതല്‍ 2026 ജനുവരി എട്ടുവരെയുള്ള കാലയളവിലായിരുന്നു തിരിമറിയെന്നാണ് പരാതി.
പാലാരിവട്ടം ആസ്ഥാനമായ സ്വകാര്യ ഡിജിറ്റല്‍ സർവീസ് സ്ഥാപനം കൊച്ചിയില്‍ വിവിധ ഇടങ്ങളില്‍ കരാർ വ്യവസ്ഥയില്‍ എ.ടി.എമ്മുകള്‍ പ്രവർത്തിപ്പിക്കുന്നുണ്ട്. പശ്ചിമകൊച്ചിയിലെ ഒരു എ.ടി.എമ്മില്‍ പണം നിറയ്ക്കുകയും സി.ഡി.എമ്മില്‍ നിന്നുള്ള പണം എടുക്കുന്നതിന്റെയും ചുമതല സ്വകാര്യ സ്ഥാപനത്തിലെ സീനിയർ അക്കൗണ്ടന്റായ യുവതിക്കായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതീവസുരക്ഷയോടെ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ കെട്ടുകളില്‍ നിന്ന് നിശ്ചിത തുക വീതം സീനിയർ അക്കൗണ്ടന്റും ഓഫീസ് സ്റ്റാഫും പതിവായി കൈക്കലാക്കിയെന്നാണ് പരാതി.
തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തവിധമായിരുന്നു ഇരുവരും പണം മാറ്റിയിരുന്നത്. ജനുവരിയില്‍ ഓഫീസില്‍ നടന്ന പരിശോധനയ്ക്കിടെ ശ്രദ്ധയില്‍പ്പെട്ട ഒരു ചെറിയ പിശകാണ് തിരിമറിയുടെ ചുരുളഴിച്ചതെന്നാണ് അറിയുന്നത്. സ്ഥാപനം ഇരുവരെയും പുറത്താക്കി.
കഴിഞ്ഞ ദിവസം സി.ഇ.ഒ സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് വൻതിരിമറി പൊലീസ് അറിയുന്നത്. സ്ഥാപനത്തില്‍ ഓഡിറ്റ് തുടരുകയാണെന്നും തട്ടിപ്പിന്റെ വ്യാപ്തി കൂടിയേക്കുമെന്നും സൂചനയുണ്ട്. ആഴ്ചയില്‍ ഏഴ് ചെക്ക് വീതമാണ് സീനിയർ അക്കൗണ്ടന്റിന് മാറിയെടുത്ത് പണം നിക്ഷേപിക്കാൻ നല്‍കിയിരുന്നത്.
തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിക്കുന്നുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സീനിയർ അക്കൗണ്ടന്റായ യുവതിയുടെയും ഓഫീസ് സ്റ്റാഫിന്റെയും മൊഴിയെടുക്കും. തെളിവുകളെല്ലാം ശേഖരിച്ചതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റുള്‍പ്പടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.



