
ചോദിച്ചതിലും അധികം പണം നൽകി എടിഎം ; വെള്ളം കുടിച്ച് ബാങ്ക് അധികൃതർ
സ്വന്തം ലേഖിക
ബെംഗളൂരു: ചോദിച്ചതിലും അധികം പണം നൽകി എടിഎം.കാനറാ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 100 രൂപ ചോദിച്ചവർക്ക് ലഭിച്ചത് 500 രൂപ. എടിഎം കൈകാര്യം ചെയ്യുന്ന ഏജൻസിക്ക് പറ്റിയ പിഴവിനെത്തുടർന്നാണ് നൂറു രൂപയ്ക്ക് പകരം അഞ്ഞൂറു രൂപ ലഭിച്ചത്.
100 രൂപയുടെ നോട്ടുകൾ നിറയ്‌ക്കേണ്ട ട്രേയിൽ അബദ്ധത്തിൽ 500 രൂപയുടെ നോട്ടുകൾ നിറയ്ക്കുകയായിരുന്നു. ഇതോടെ എടിഎമ്മിൽ നിന്ന് ഏകദേശം 1.7 ലക്ഷം രൂപയാണ് പിൻവലിക്കപ്പെട്ടത്. കർണാടകയിലെ കൊടുഗു ജില്ലയിലെ മടിക്കേരിയിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറു രൂപയ്ക്ക് പകരം 500 രൂപ ലഭിച്ച ഉപയോക്താക്കളിലൊരാൾ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് പറ്റിയ വിവരം ബാങ്ക് അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് ഏജൻസിയുമായി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചു.
100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകൾ കിട്ടിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ എടിഎമ്മിൽ നിന്ന് 65,000 രൂപ വീതം പിൻവലിച്ച രണ്ടുപേർ പണം തിരികെ നൽകാൻ തയ്യാറായില്ല. ബാങ്ക് പോലീസിനെ സമീപിച്ചപ്പോൾ ഇവർ പണം തിരികെ നൽകി.