അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ തിരുനാള്‍ ഇന്ന് സമാപിക്കും; എട്ടാമിടം ആചരണത്തോടെ കൊടിയിറങ്ങും
അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ എട്ടാമിടം ആചരണത്തോടെ ഇന്ന് കൊടിയിറങ്ങും.
14 ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചിട്ടുള്ള വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുസ്വരൂപം ഇന്ന് വലിയ പള്ളിയുടെ മദ്ബഹയില്‍ പുനഃപ്രതിഷ്ഠിക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കും.
ഇന്ന് രാവിലെ 5.45ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലും 7.30ന് റവ. ഡോ. സ്കറിയ കന്യാക്കോണിലും 9.00ന് ഫാ. സെബാസ്റ്റ്യൻ ചാമക്കാലായും 11.00ന് ഫാ. മാത്യു അഞ്ചിലും ഉച്ചകഴിഞ്ഞ് 2.00ന് ഫാ. തോമസ് ഉറുമ്ബിത്തടവും 3.30ന് റവ.ഡോ. മാണി പുതിയിടവും വിശുദ്ധ കുർബാന അർപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം 5.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് തിരുനാളിനു സമാപനം കുറിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണം വലിയപള്ളിയും കുരിശടിയും ചുറ്റി സമാപിക്കും.
മോണ്ടളത്തില്‍ രൂപക്കൂട്ടില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിശുദ്ധന്‍റെ തിരുസ്വരൂപം പ്രദക്ഷിണത്തെ തുടർന്ന് മദ്ബഹയിലേക്ക് കൊണ്ടുപോകും. പ്രത്യേക പ്രാർഥനകള്‍ക്കു ശേഷം തിരുസ്വരൂപത്തില്‍ അണിയിച്ചിട്ടുള്ള പരമ്പരാഗത ആഭരണങ്ങള്‍ അഴിച്ചുമാറ്റും. തുടർന്ന് തിരുസ്വരൂപം മദ്ബഹയില്‍ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് കൊടിയിറങ്ങും.