
കോട്ടയം: മൂന്നുതവണയും വിജയം കൈവെള്ളയിൽ ഒതുക്കിയ ബേബിനാസ് അജാസ് അതിരമ്പുഴയിൽ നാലാം തവണയും അങ്കത്തിനൊരുങ്ങി. 2010 ൽ അതിരമ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡ് വനിതാ സംവരണമായിരുന്നപ്പോൾ ഇടതുപക്ഷ സഹയാത്രികനായിരുന്ന ഭർത്താവ് മറ്റത്തിൽ അജാസിന്റെ കൈപിടിച്ചായിരുന്നു ബേബിനാസിന്റെ രാഷ്ട്രീയ പ്രവേശനം.

അജാസിന്റെ ജനങ്ങൾക്കിടയിലെ സ്വാധീനം വോട്ടായി മാറിയപ്പോൾ കന്നിയങ്കത്തിൽ വിജയം ബേബിനാസിനൊപ്പമായി. ജനവിധി ശരിവെയ്ക്കുന്ന പ്രവർത്തനം കൂടിയായപ്പോൾ പിന്നീടുള്ള തെരഞ്ഞെടുപ്പിലും ജനം ബേബിനാസിനെ കൈവിട്ടില്ല. ആവശ്യങ്ങളുമായി സമീപിക്കുന്നവർക്കൊപ്പം മുഖം നോക്കാതെ നിലകൊണ്ടപ്പപ്പോൾ എതിർ പാളയങ്ങളിൽ നിന്നുള്ള വോട്ടുകൾ പോലും ബേബിനാസിനെ തുണച്ചു.

പഴയ ഏഴാം വാർഡ് ഇത്തവണ എട്ടാം വാർഡായി മാറുന്നുവെന്നല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നുമില്ല. ബേബിനാസിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞവർ പേരിനോട് സാമ്യം തോന്നിക്കുന്ന അപരന്മാരെയും ഇത്തവണ കളത്തിൽ ഇറക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് മാഹാമാരി നാടിനെ വിറപ്പിച്ചപ്പോൾ ശക്തമായ പിന്തുണ നൽകി വാർഡിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനിടെ മുന്നണിപ്പോരാളിയായി ഒപ്പം നിന്ന ഭർത്താവിനെ പകരം കൊടുക്കേണ്ടി വന്നു. അജാസിന്റെ വിയോഗം തെല്ലൊന്നുമല്ല ബേബിനാസിനെ തളർത്തിയത്. അവിടെ നിന്നെല്ലാം ഉയർത്തെഴുന്നേൽക്കാനും വീണ്ടും സജീവമാകാനും പ്രേരണയായത് വാർഡിലെ ജനങ്ങളായിരുന്നെന്ന് ബേബിനാസ് പറയുന്നു
ഇടവഴികളിൽ പോലും വഴി വിളക്കുകൾ അണയാത്ത വർഷങ്ങളാണ് കടന്നു പോയത്. വഴികൾ നന്നാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും, കുടിവെള്ളം എത്തിക്കാനും മെമ്പറുടെ ഇടപെടൽ കൂടുതൽ ജനസമ്മിതി നേടിക്കൊടുത്തിട്ടുണ്ട്. വോട്ട് ചോദിച്ച് ഒപ്പം നടക്കാൻ ഇത്തവണ അജാസില്ല, പകരം കഴിഞ്ഞ പതിനഞ്ചുവർഷത്തെ വാർഡിലെ നിസ്വാർത്ഥമായ സേവനങ്ങളാണ് ഇത്തവണ ഒപ്പമുള്ളത്.




