ചോരകണ്ട് അറപ്പുമാറിയ ‘അത്താണി ബോയ്‌സ് ‘ ; നെടുമ്പാശ്ശേരിയെ വിറപ്പിക്കുന്നു

ചോരകണ്ട് അറപ്പുമാറിയ ‘അത്താണി ബോയ്‌സ് ‘ ; നെടുമ്പാശ്ശേരിയെ വിറപ്പിക്കുന്നു

 

സ്വന്തം ലേഖിക

നെടുമ്പാശ്ശേരി: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിൻറെ ഞെട്ടിക്കുന്ന വാർത്തകൾ കേട്ടാണ് കഴിഞ്ഞ ദിവസം കേരളം ഉണർന്നത്.

കൊല്ലപ്പെട്ടത് കാപ്പ കേസുകളിലടക്കം ശിക്ഷ അനുഭവിച്ച ബിനോയ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ബിനോയിയുടെ കൊലപാതകത്തോടെ ചുരുളഴിയുന്നത് നെടുമ്പാശ്ശേരിയെ മുഴുവൻ വിറപ്പിച്ച ഗുണ്ടാസംഘങ്ങളുടെ ചോരക്കറ പുരണ്ട പകയുടെ കഥകൾ കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്താണി ബോയ്‌സ്’ എന്ന ഗുണ്ടാസംഘത്തിൻറെ മുൻ തലവനായിരുന്നു കൊല്ലപ്പെട്ട തുരുത്തിശ്ശേരി സ്വദേശി 34 കാരനായ ബിനോയ്. കൊലപാതകശ്രമം, ലഹരിമരുന്ന് കടത്ത്, നിരവധി അതിക്രമങ്ങൾ എന്നിങ്ങനെ പ്രദേശവാസികളുടെ സ്ഥിരം തലവേദനയായിരുന്നു 12 പേരടങ്ങുന്ന ‘അത്താണി ബോയ്‌സ്’എന്ന ഗുണ്ടാസംഘത്തിന് രൂപം കൊടുത്തത്. പെറ്റി കേസുകളിൽ നിന്നാണ് സംഘത്തിൻറെ തുടക്കം.

അനധികൃത മണൽക്കടത്ത് സംഘങ്ങളുടെ വാഹനങ്ങൾക്ക് അകമ്പടി നൽകിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് സഹായം നൽകിയും സംഘം ക്രിമിനൽ ലോകത്തേക്ക് ചുവടുവെച്ചു എന്നാൽ പിന്നീടങ്ങോട്ട് നഗരത്തെനടുക്കുന്ന ക്രിമിനലുകളായി അവർ മാറുകയായിരുന്നു.

പണം പിടിച്ചുപറിച്ചും ലഹരിമരുന്ന് കടത്തിയും എതിർത്തവരെ ആക്രമിച്ചും ‘അത്താണി ബോയ്‌സ്’ നാട്ടുകാരുടെയും പൊലീസിൻറെയും സമാധാനത്തിന് വെല്ലുവിളിയായി.

കൊള്ളയടിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തർക്കം അത്താണി ബോയ്‌സിലെ അംഗങ്ങൾക്കിടയിൽ വിള്ളലുകൾ ഉണ്ടാക്കി. അതോടെ സംഘത്തിലെ മറ്റുള്ളവരുമായി തെറ്റിപ്പിരിഞ്ഞ് ബിനോയ് പുതിയൊരു ഗുണ്ടാ സംഘത്തിന് രൂപം കൊടുത്തു.

രണ്ട് ഗ്യാങ്ങുകളായി പിരിഞ്ഞതോടെ ഇവർ തമ്മിലുള്ള വൈരാഗ്യം നാൾക്കുനാൾ വർധിച്ചുവന്നു. തമ്മിൽ തല്ലിയും അക്രമങ്ങൾ നടത്തിയും രണ്ടു സംഘങ്ങളും നാട്ടുകാരുടെ സൈ്വര്യജീവിതം ഇല്ലാതാക്കി. അത്താണി ബോയ്‌സും
ബിനോയിയും തമ്മിൽ കഴിഞ്ഞ ശനിയാഴ്ചയും തർക്കമുണ്ടായിരുന്നു.

ബിനോയിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ വിനു വിക്രമൻറെ ബന്ധുവായ നെടുമ്പാശ്ശേരി സ്വദേശിയെ ബിനോയിയുടെ സംഘാഗങ്ങൾ ഭീഷണിപ്പെടുത്തിയതാണ് ഞായറാഴ്ച നടന്ന ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് കാപ്പ നിയമപ്രകാരം ജില്ലക്കകത്ത് പ്രവേശിക്കുന്നതിൽ വിലക്ക് നേരിടുന്നയാളാണ് അത്താണി ബോയ്‌സിൻറെ ഇപ്പോഴത്തെ തലവൻ കൂടിയായ വിനു. 18 കേസുകളാണ് നെടുമ്പാശ്ശേരി, ചെങ്ങമനാട്, നാദാപുരം, കാലടി,അങ്കമാലി, ഞാറയ്ക്കൽ, വടക്കേക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലായി ബിനോയിയുടെ പേരിലുള്ളത്. കാപ്പ നിയമപ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിൽ ബിനോയിക്കും വിലക്കുണ്ടായിരുന്നു.

എറണാകുളത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് നഗരമധ്യത്തിലെ ഗുണ്ടാത്തലവൻറെ കൊലപാതകം.