
വെടിനിര്‍ത്തലിന് ഇന്ത്യയോട് ആവശ്യപ്പെടണം ; യുഎസ്, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അസിം മുനീര്‍ അടിയന്തര സന്ദര്‍ശനം നടത്തിയെന്ന് റിപ്പോർട്ട്
വെടിനിര്‍ത്തലിന് ഇന്ത്യയോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ച് യുഎസ്, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അസിം മുനീര്‍ അടിയന്തര സന്ദര്‍ശനം നടത്തിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ വ്യോമസേന പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കുന്നതിനുശേഷമാണ് അസിംമുനീര്‍ ഇത്തരം ഒരു ആവശ്യവുമായി അയല്‍രാജ്യങ്ങളിലേക്ക് ഓടിയത്. ഇന്ത്യയുടെ ഈ തിരിച്ചടി പാകിസ്താന്‍ മേധാവി വലിയ ആശങ്കരേഖപ്പെടുത്തിയതായും വിവിധ രാജ്യങ്ങളില്‍ ഉന്നത തലങ്ങളില്‍ അദേഹം വിളിച്ച് അപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയില്‍ പാകിസ്താനില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയില്‍ ആദ്യം പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാല്‍ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയിലെ സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചു. മൂന്നുദിവസത്തിനിടെ പാകിസ്താനിലെ സൈനിക പോസ്റ്റുകള്‍, സൈനിക കേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍, ഭീകരവാദ കേന്ദ്രങ്ങള്‍ എന്നിവ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ തിരിച്ചടി കടുപ്പിച്ചതോടെ വെടിനിര്‍ത്തലിന് തയ്യാറായെങ്കിലും പാക് സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നു. ഇതോടെ ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി തിരിച്ചടിയിലൂടെ നല്‍കി.
മെയ് ഏഴിന് തുടങ്ങിയ സൈനിക നടപടിയില്‍ പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യോമതാവളങ്ങളും ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ പാകിസ്താന്റെ പ്രത്യാക്രമണം പരാജയപ്പെടുത്താനും ഇന്ത്യയ്ക്കായെന്ന് പ്രതിരോധവൃത്തങ്ങള്‍ പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്ബത് ഭീകരവാദകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 100ഓളം ഭീകരവാദികളും 26 മിനിറ്റ് നീണ്ട ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അക്കൂട്ടത്തില്‍ ഇന്ത്യ ഏറെക്കാലം ലക്ഷ്യമിട്ടിരുന്ന കൊടുംഭീകരരും ഉള്‍പ്പെടും.
റഫാല്‍ വിമാനങ്ങളില്‍ നിന്ന് തൊടുത്ത സ്‌കാള്‍പ്, ഹാമ്മര്‍ മിസൈലുകള്‍, ഗൈഡഡ് ബോംബുകള്‍, എം-777 ഹൊവിറ്റ്സറുകള്‍ ( പീരങ്കി), ലോയിറ്ററിങ് മ്യൂണിഷനുകള്‍( കാമികാസെ ഡ്രോണുകള്‍) എന്നിവ ഉപയോഗിച്ചാണ് ഇന്ത്യ പാകിസ്താനില്‍ പ്രഹരിച്ചത്. ആക്രമണത്തില്‍ നടുങ്ങിയ പാകിസ്താന്‍ തിരിച്ചടിക്ക് തിരഞ്ഞെടുത്തത് തുര്‍ക്കിയില്‍ നിന്ന് വാങ്ങിയ ഡ്രോണുകളെയാണ്. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അവയെ തടയുന്നതില്‍ വിജയിച്ചു.
ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന്റെ റഫിഖി, മുറിദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനൈന്‍, പസ്രൂര്‍, സിയാല്‍കോട്ട് തുടങ്ങിയ സൈനിക താവളങ്ങള്‍ തകര്‍ന്നു. ഇവിടങ്ങളിലെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, കമാന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവയാണ് തകര്‍ന്നത്. ഇതിന് പുറമെ സിയാല്‍കോട്ട്, സര്‍ഗോധ, ജാക്കോബാബാദ്, ഭൊലാരി തുടങ്ങിയ വ്യോമതാവളങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഇവിടങ്ങളിലെ റഡാര്‍ സംവിധാനങ്ങളും ആയുധങ്ങളും തകര്‍ന്നുതരിപ്പണമായെന്നും പാക്കിസ്ഥാന്‍ സമ്മതിച്ചിട്ടുണ്ട്.