
മികച്ച നടൻ എന്ന നിലയിൽ മാത്രമല്ല സഹപ്രവർത്തകരോടുള്ള മികച്ച പെരുമാറ്റത്തിന്റെ പേരിലും ആസിഫ് അലി കയ്യടി നേടാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് പുതിയ ചിത്രം രേഖാചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച സഹതാരത്തിനൊപ്പമുള്ള ഒരു വിഡിയോ ആണ്. സിനിമയിൽ താൻ ഇല്ലെന്ന് അറിഞ്ഞ് തിയറ്ററിൽ ഇരുന്ന് കരഞ്ഞ ശ്രീലേഖ എന്ന അഭിനേതാവിനെയാണ് താരം ആശ്വസിപ്പിച്ചത്.
രണ്ട് ഷോട്ടുള്ള സീനിലാണ് ശ്രീലേഖ അഭിനയിച്ചത്. എന്നാൽ ഫൈനൽ കട്ടിൽ അവർ അഭിനയിച്ച ഭാഗം ഒഴിവാക്കുകയായിരുന്നു. ഇത് അറിയാതെ പ്രിയപ്പെട്ടവർക്കൊപ്പം തിയറ്ററിൽ എത്തിയ സുലേഖ താൻ സിനിമയിൽ ഇല്ലെന്ന് അറിഞ്ഞതോടെ കരയുകയായിരുന്നു. ഇത് കണ്ടതോടെയാണ് താരം ആശ്വാസ വാക്കുമായി എത്തിയത്.
സോറി, ചേച്ചി അഭിനയിച്ചത് എന്ത് മനോഹരമായിട്ടായിരുന്നു. എന്തു രസമായിരുന്നു. ദൈർഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ കേട്ടോ- ശ്രീലേഖയെ ആശ്വസിപ്പിച്ചുകൊണ്ട് ആസിഫ് അലി പറഞ്ഞു. അടുത്ത സിനിമയിൽ ഒന്നിച്ച് അഭിനയിക്കുമെന്ന ഉറപ്പും ആസിഫ് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം താരം നടത്തിയ പ്രസ് മീറ്റിലും സുലേഖയുടെ കാര്യം താരം പറഞ്ഞിരുന്നു. രേഖാചിത്രത്തിൽ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു..സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാൻ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനിൽ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോൾ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനിൽ അഭിനയിച്ചിരുന്നു. പല സമയത്തും ഷൂട്ട് ചെയ്ത അത്രയും നമുക്ക് ഫൈനൽ എഡിറ്റിലേക്ക് കൊണ്ടുവരാൻ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വൻസ് എഡിറ്റിൽ പോയി. ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാൻ വന്നിരുന്നു. ചേച്ചി സിനിമയിൽ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോൾ ആണ് അവർ മനസ്സിലാക്കുന്നത്. അത് അവർക്ക് ഒത്തിരി വിഷമം ഉണ്ടാക്കി.- ആസിഫ് പറഞ്ഞു.