പ്രളയദുരന്തത്തിൽ രക്ഷകരായ നാവികസേന ഉദ്യോഗസ്ഥർക്ക് ‘ഏഷ്യൻ ഓഫ് ദ ഇയർ’ പുരസ്‌കാരം
സ്വന്തം ലേഖകൻ
സിംഗപ്പൂർ : കേരളം നേരിട്ട പ്രളയദുരന്തത്തിൽ രക്ഷകരായ നാവികസേന ഉദ്യോഗസ്ഥർക്ക് ‘ഏഷ്യൻ ഓഫ് ദ ഇയർ’ പുരസ്‌കാരം. നാവികസേനാ സംഘത്തിലെ തലവൻ കമാൻഡർ വിജയ് വർമ, ക്യാപ്റ്റൻ പി. രാജ്കുമാർ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.
മഹാപ്രളയത്തിനിടെ ഓഗസ്റ്റ് 17-നാണ് ആലുവ സ്വദേശി സാജിത എന്ന ഗർഭിണിയെ നാവിക സേന രക്ഷിക്കുകയും മണിക്കൂറുകൾക്കുള്ളിൽ വെല്ലിങ്ടൺ ഐലൻഡിലെ സഞ്ജീവനി ആശുപത്രിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്. ഇവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച മലയാളി കമാൻഡർ വിജയ് വർമയെ (42) അന്ന് കേരളം ഏറെ പ്രകീർത്തിച്ചിരുന്നു. 32 പേരെയാണ് അദ്ദേഹം അന്ന് രക്ഷപ്പെടുത്തിയത്. കോഴിക്കോട് കോട്ടൂളി എൻ.ആർ.ആർ. വർമയുടെയും അമ്മിണി വർമയുടെയും മകനാണ് വിജയ് വർമ. ഭാര്യ ധന്യ വർമ മാധ്യമപ്രവർത്തകയാണ്. മൂന്നുമക്കളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്യാപ്റ്റൻ പി. രാജ്കുമാർ (54) മരത്തിന്റെ മുകളിലും മേൽക്കൂരകളിലും കയറിനിന്ന 26 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. സാഹസികരും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ഉത്തവാദിത്വത്തോടെ പെരുമാറുകയും ചെയ്തവരെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.