ഏഷ്യാകപ്പ് ട്വന്റി-20 ഗ്രാന്‍ഡ് ഫൈനല്‍; ഇന്ത്യ-പാക് കിരീടപ്പോരാട്ടം ഇന്ന്; ആവേശത്തോടെ ഇന്ത്യ; ജയം മോഹിച്ച്‌ പാകിസ്ഥാനും

Spread the love

ദുബായ്: അപരാജിതരാണ് ഇന്ത്യ. പാകിസ്താനാകട്ടെ രണ്ടുമത്സരങ്ങളില്‍ ഇന്ത്യയോടേറ്റ തോല്‍വിയുടെ ക്ഷീണവുമുണ്ട്.

ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലില്‍ ചിരവൈരികള്‍ നേർക്കുനേർ വരുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. ഇന്ന് രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താൻ ഫൈനല്‍പ്പോരാട്ടം.

കളിക്കളത്തിനകത്തും പുറത്തും സമ്മർദമുള്ളതിനാല്‍ ഇരുടീമുകളും കൈമെയ് മറന്ന് പോരാടുമെന്നുറപ്പ്.
ട്വന്റി-20 ക്രിക്കറ്റില്‍ പാകിസ്താനുമേല്‍ വ്യക്തമായ മേധാവിത്വമുണ്ട് ഇന്ത്യക്ക്. അത് തുടരാമെന്നാണ് സൂര്യകുമാർ യാദവും മോഹിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരേ സൂപ്പർ ഓവറില്‍ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക് ശർമയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. പവർപ്ലേയെ ഇത്രമാത്രം ഉപയോഗിക്കുന്ന ബാറ്റർ ഏഷ്യാകപ്പിലില്ല. കളിഗതിയെ മാറ്റിമറിക്കാൻ കഴിയുന്ന എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്ത്.

ശുഭ്മൻ ഗില്‍, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസണ്‍, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേല്‍ എന്നിവർ ഒറ്റയ്ക്ക് മത്സരം ജയിക്കാൻകഴിയുന്ന ബാറ്റർമാരാണ്. ബൗളിങ്ങില്‍ ജസ്‌പ്രീത് ബുംറയുടെ മങ്ങിയ ഫോമാണ് തിരിച്ചടി. എന്നാല്‍, നിർണായക മത്സരങ്ങളില്‍ ഫോമിലേക്കുയരുന്ന ശീലം ബുംറയ്ക്കുണ്ട്. വരുണ്‍ ചക്രവർത്തി-കുല്‍ദീപ് യാദവ്-അക്‌സർ പട്ടേല്‍ സ്പിൻ ത്രയം ടൂർണമെന്റില്‍ മുൻപുനടന്ന രണ്ടുകളിയിലും പാകിസ്താനെതിരേ തിളങ്ങിയിരുന്നു.

ഇന്ത്യൻ ടീമിന്റെ ജയത്തില്‍ വലിയപങ്കും വഹിച്ചു. ഹാർദിക്കിനും അഭിഷേകിനും ഫിറ്റ്‌നസ് പ്രശ്നങ്ങളുണ്ടെങ്കിലും ഇരുവരും കളിക്കുമെന്ന് ഇന്ത്യൻ ടീം സഹപരിശീലകൻ മോണി മോർക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.