
ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ നടപടിക്ക് സാദ്ധ്യത. പാകിസ്ഥാന്‍ ചട്ടലംഘനം നടത്തിയെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. സാഹചര്യം നീരീക്ഷിച്ച് വരികയാണെന്ന് ഐസിസി വ്യക്തമാക്കി.
മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വിലക്ക് മറികടന്ന് പാക് ടീം മാനേജര്‍ റഫറിയുടെ മുറിയില്‍ എത്തുകയും ചെയ്തിരുന്നു. പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് റഫറി പാനലില്‍ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ യുഎഇക്ക് എതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ ഒരുങ്ങിയിരുന്നു.
ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് ബുധനാഴ്ച പാകിസ്ഥാന്‍ – യുഎഇ മത്സരം ആരംഭിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹസ്തദാന വിവാദം പാകിസ്ഥാന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ടോസ് സമയത്ത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് കൈകൊടുത്തിരുന്നില്ല. മത്സരത്തിന് ശേഷവും ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ ഹസ്തദാനം നടത്തിയില്ല. ഇന്ത്യന്‍ നായകന്‍ കൈകൊടുക്കാന്‍ ശ്രമിക്കരുതെന്ന് സല്‍മാനോട് ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദേശിച്ചിരുന്നുവെന്നാണ് പിസിബി ആരോപിക്കുന്നത്.
ഇന്ത്യയുടെ പക്ഷം ചേര്‍ന്നാണ് മാച്ച് റഫറി പെരുമാറിയതെന്നും ഇത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്ത് വന്നത്. പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് റഫറി പാനലില്‍ നിന്ന് മാറ്റണമെന്നാണ് പിസിബി ഐസിസിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സാദ്ധ്യമല്ലെന്ന് ഐസിസി തറപ്പിച്ച് പറഞ്ഞു.