ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ

Spread the love

ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. സിക്സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്.

ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 7 പന്തില്‍ 10 റണ്‍സുമായി ശിവം ദുബെ വിജയത്തില്‍ നായകന് തുണയായി. മൂന്നാം വിക്കറ്റ് നഷ്ടമായപ്പോള്‍ സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചങ്കിലും ഇടം കൈയനായ തിലക് മടങ്ങിയപ്പോള്‍ മറ്റൊരു ഇടം കൈയനായ ശിവം ദുബെയാണ് ക്രീസിലെത്തിയത്. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 127-9, ഇന്ത്യ 15.5 ഓവറില്‍ 131-3.

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ടിലിറങ്ങി ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്ത് അഭിഷേക് സിക്സിന് പറത്തിയതോടെ ഇന്ത്യ നയം വ്യക്തമാക്കി.

അഫ്രീദിയുടെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ച അഭിഷേകിന് പിന്നാലെ സയ്യിം അയൂബിന്‍റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ശുഭ്മാന്‍ ഗില്‍ തുടക്കം ഗംഭീരമാക്കി.

എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ അയൂബ് മടക്കി. അയൂബിന്‍റെ പന്തില്‍ ഗില്ലിനെ മുഹമ്മദ് ഹാരിസ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഗില്‍ മടങ്ങിയപ്പോൾ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്.