
അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് വിജയത്തോടെ തുടക്കം. അബുദാബിയിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു. ടോസ് നേടി ഫീൽഡിങ്ങിനിറങ്ങിയ ശ്രീലങ്ക ബംഗ്ലാദേശിനെ 20 ഓവറിൽ അഞ്ചിന് 139 റൺസിൽ തളച്ചു.
മറുപടി ബാറ്റിങ്ങിൽ 32 പന്തുകൾ ശേഷിക്കെ, നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യത്തിലെത്തി. 34 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതം 50 റൺസ് നേടിയ ഓപ്പണർ പാത്തും നിസങ്കയാണ് ലങ്കയുടെ വിജയം എളുപ്പമാക്കിയത്. 46 റൺസുമായി പുറത്താകാതെ നിന്ന കാമിൽ മിഷാരയും ലങ്കൻ വിജയത്തിന്റെ ശില്പികളിലൊരാളായി. സ്കോർ: ബംഗ്ലാദേശ് 20 ഓവറിൽ 5-ന് 139. ശ്രീലങ്ക 14.4 ഓവറിൽ 4-ന് 140.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് രണ്ടാം ഓവറിൽ ഓപ്പണർ കുശാൽ മെൻഡിസിനെ നഷ്ടമായെങ്കിലും വൺ ഡൗണായെത്തിയ കാമിൽ മിഷാര പാത്തും നിസങ്കയ്ക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിസങ്ക പുറത്തായതിനുപിന്നാലെ അടുപ്പിച്ച് രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും ലങ്കയുടെ വിജയത്തിന് അതൊന്നും തടസ്സമായില്ല. കാമിലിനൊപ്പം ചേർന്ന് ക്യാപ്റ്റൻ ചരിത് അസലങ്ക ലങ്കയെ അനായാസം ജയത്തിലെത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കംതന്നെ പിഴച്ചു. റണ്ണെടുക്കുന്നതിന് മുൻപേ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ബംഗ്ലാദേശിന് അതിന്റെ ആഘാതത്തിൽ നിന്ന് കരകയറാനായില്ല. 26 പന്തിൽ 28 റൺസ് നേടിയ ക്യാപ്റ്റൻ ലിട്ടൺ ദാസ് പൊരുതാൻ ശ്രമിച്ചെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആളുണ്ടായില്ല.
ഒടുവിൽ പത്താം ഓവറിൽ ലിട്ടണും മടങ്ങുമ്പോൾ അഞ്ചിന് 53 റൺസെന്ന നിലയിൽ തകർന്ന ബ്ലംഗാദേശിനെ പിരിയാത്ത ആറാം വിക്കറ്റിൽ 86 റൺസ് ചേർത്ത് ജാക്കർ അലിയും ഷമീം ഹൊസൈനും ചേർന്നാണ് ഒരു വിധത്തിൽ കരകയറ്റിയത്. ജാക്കർ 34 പന്തിൽ 41 റൺസ് നേടിയപ്പോൾ 34 പന്തിൽ 42 റൺസായിരുന്നു ഷമീമിന്റെ സമ്പാദ്യം.