ഏഷ്യ കപ്പ് ക്രിക്കറ്റ്: ഏഴുവിക്കറ്റ് വിജയം നേടി ബംഗ്ളാദേശ്

Spread the love

അബുദാബി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ഹോംഗ് കോംഗിനെതിരെ ബംഗ്ലാദേശിന് വിജയം. 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ജയിച്ചുകയറുകയായിരുന്നു.

ഹോംഗ് കോംഗിന്റെ ടൂര്‍ണമെന്റിലെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. നേരത്തെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 94 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഒരു മത്സരം കൂടിയാണ് അവര്‍ക്ക് അവശേഷിക്കുന്നത്.

39 പന്തുകളില്‍ നിന്ന് 59 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ആറ് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈന്‍ ഈമോന്‍ 19(14), തന്‍സീദ് ഹസന്‍ തമീം 14(18) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി.

തൗഹിദ് ഹൃദോയ് 35*(36), റണ്ണൊന്നുമെടുക്കാതെ ജാക്കര്‍ അലി എന്നിവര്‍ പുറത്താകാതെ നിന്നു. ഹോംഗ് കോംഗിനായി അതീഖ് ഇഖ്ബാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആയുഷ് ശുക്ലയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.ആദ്യം ബാറ്റ് ചെയ്ത ഹോംഗ് കോംഗ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് ആണ് നേടിയത്.

നിസാക്കത്ത് ഖാന്‍ 42(40), സീഷാന്‍ അലി 30(34), ക്യാപ്റ്റന്‍ യാസിന്‍ മുര്‍ത്താസ 28(19) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍, തന്‍സീബ് ഹസന്‍ സക്കീബ്, താഷ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.