
ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഈ ടീമിനെവെച്ച് ഏഷ്യാ കപ്പ് ജയിക്കാന്‍ കഴിയുമെങ്കിലും അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ജയിക്കാനാവില്ലെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു. ഈ ടീമിനെവെച്ച് ഇന്ത്യ ഏഷ്യാ കപ്പൊക്കെ ജയിക്കുമായിരിക്കും, പക്ഷെ ലോകകപ്പ് നേടാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ആറ് മാസം മാത്രം അകലെയുള്ള ടി20 ലോകകപ്പിന് ഈ ടീമിനെയും വെച്ചാണോ പോകാന്‍ പോകുന്നതെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ ചോദിച്ചു.
ഏഷ്യാ കപ്പ് ടീമില്‍ റിങ്കു സിംഗും ഹര്‍ഷിത് റാണയും ശിവം ദുബെയും എങ്ങനെയാണ് ഇടം കണ്ടെത്തിയതെന്നും ശ്രീകാന്ത് ചോദിച്ചു. സെലക്ഷന്‍ കമ്മിറ്റി പിന്നോട്ട് നടക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അക്സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നു. ഐപിഎല്ലിലെ പ്രകടനമാണ് ടീം സെലക്ഷന് ആധാരമാക്കിയതെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ തന്നെ അവര്‍ പിന്നോട്ടാണ് നടന്നത്. കാരണം, റിങ്കുവും ശിവം ദുബെയും ഹര്‍ഷിത് റാണയുമൊന്നും കഴിഞ്ഞ ഐപിഎൽ സീസണില്‍ മികവ് കാട്ടിയവരല്ല. 2024ലെ ഐപിഎല്ലിലാണ് ഇവര്‍ തിളങ്ങിയത്.
ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം നമ്പറിലിറങ്ങേണ്ട ഒരു സ്വാഭാവിക കളിക്കാരന്‍ ഈ ടീമിലില്ല. ആരാണ് അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുക. സഞ്ജു സാംസണോ ജിതേഷ് ശര്‍മയോ ശിവം ദുബെയോ ഇറങ്ങുമോ, ശിവം ദുബെയെ എങ്ങനെയാണ് അവര്‍ ടീമിലെടുത്തതെന്ന് എനിക്ന് മനസിലാവുന്നില്ല. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ മികവ് കാട്ടിയ യശസ്വി ജയ്സ്വാള്‍ എങ്ങെനായാണ് ടീമില്‍ നിന്ന് പുറത്തായത്. അവനിനി എന്ത് ചെയ്യുമെന്നും ശ്രീകാന്ത് ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹർഷിത് റാണ, റിങ്കു സിംഗ്.