
സർക്കാരിനെയും നാട്ടുകാരെയും പറ്റിച്ച് വാഹന പരിശോധനയുടെ പിഴത്തുകയുമായി മുങ്ങി: എ.എസ്.ഐ രണ്ടു മാസത്തിനു ശേഷം പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാരിനെയും നാട്ടുകാരെയും പറ്റിച്ച് വാഹന പരിശോധനയുടെ പിഴത്തുകയുമായി മുങ്ങിയ എ.എസ്.ഐയെ രണ്ടു മാസത്തിനു ശേഷം പൊലീസ് പിടികൂടി. പെറ്റി പിരിക്കുന്നതിനുള്ള ബുക്ക് സഹിതമാണ് ഇയാൾ പൊലീസിനെപ്പറ്റിച്ച് സ്ഥലം വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നെയ്യാറ്റിൻകര കൂട്ടപ്പന രാമവിലാസം ബംഗ്ലാവിൽ നയീ(52)മാണ് പൊലീസിനെ തന്നെ പറ്റിച്ച് സ്ഥലം വിട്ടത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
രണ്ടുമാസം മുമ്പാണ് വാഹനപരിശോധന നടത്തി ലഭിച്ച 7300 രൂപയും രസീത് ബുക്കുമായി നയീം മുങ്ങിയത്. പിഴയായി ലഭിച്ച തുക സ്റ്റേഷനിൽ അടയ്ക്കാതെ ഇയാൾ വീട്ടിലേക്ക് പോയി. അതിനു ശേഷം ഫോൺ സ്വിച്ച് ഓഫാക്കി നാടുവിടുകയായിരുന്നു. ഇതിനിടെ പലതവണ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസമായി ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതറിഞ്ഞാണ് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നയീമിൻറെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പിഴതുകയും രസീത്ബുക്കുമായി പൊലീസുകാരൻ മുങ്ങുന്നത്. സംഭവത്തിൽ ആദ്യം പൊലീസ് കാട്ടിയ അലംഭാവമാണ് ഇത്രയും നാൾ പ്രതി ഒളിവിൽ കഴിയാൻ ഇടയാക്കിയത്.