മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടിയ എസ്.ഐയ്‌ക്കെതിരെ പെറ്റികേസ് മാത്രം
സ്വന്തം ലേഖകൻ
കൊല്ലം: മദ്യലഹരിയിൽ പെൺകുട്ടിയെ അപമാനിക്കുകയും വാഹനാപകടം ഉണ്ടാക്കുകയും ചെയ്ത എഎസ്ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. വാഹനാപകടക്കേസ് ഒത്ത് തീർത്ത ശേഷം ഇയാളെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പെൺകുട്ടിയെ അപമാനിച്ചതിന് 354 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം എന്നിരിക്കെയാണ് നിസ്സാര വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷം മറ്റ് വകുപ്പുകൾ ചുമത്താമെന്നാണ് പൊലീസ് വിശദീകരണം.
ഞാറാഴ്ച വൈകിട്ടാണ് മദ്യപിച്ച് ലെക്കുകെട്ട് കാറിലെത്തിയ കൊല്ലം സിറ്റി പൊലീസ് ടെലി കമ്മ്യൂണിക്കേഷൻസിലെ എഎസ്ഐ പദ്മരാജൻ മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. ബീച്ച് റോഡിൽ വച്ച് പെൺകുട്ടികൾ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടർ തടഞ്ഞ് നിർത്തി അസഭ്യം കാണിച്ചു. ട്രാഫിക് പൊലീസ് പിടികൂടി കൊല്ലം സ്റ്റേഷനിലെത്തിച്ച പദ്മരാജനെയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇയാളുടെ കാറിൽ നിന്നും മദ്യക്കുപ്പികളും മദ്യം നിറച്ച ഗ്ലാസും പൊലീസ് കണ്ടെടുത്തു. എഎസ്ഐ പദ്മരാജനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രേമിനെതിരെയും നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കാറിൽ ഇവരോടൊപ്പം മറ്റ് രണ്ട് പേരും കൂടി ഉണ്ടായിരുന്നെങ്കിലും അവർക്കെതിരെ കേസെടുത്തതുമില്ല. ഇതിനിടയിൽ താനും സഹപ്രവർത്തകരും ഇടപെട്ട് കേസുകൾ ഒത്തുതീർത്തെന്ന് പറയുന്ന പദ്മരാജന്റെ ഓഡിയോ സന്ദേശവും പുറത്തായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group