
രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയെ.
ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ പോലീസുകാരി. മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയ ഉദ്യോഗസ്ഥ.
അതെ, അപർണ ലവകുമാറിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആണ് ഇന്നവർ. ഉത്തരവാദിത്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപർണ

Whatsapp Group 1 | Whatsapp Group 2 |Telegram Group
രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന അപർണയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തൃശ്ശൂർ കോലോത്തും പാടത്ത് അശ്വിനി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നിൽനിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു ആംബുലൻസ്.
താൻ ചെയ്തത് പോലീസ് സേനയിലെ ഏതൊരു അംഗവും ചെയ്യുന്ന കാര്യമാണെന്നും അങ്ങനെയേ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കൂവെന്നും അപർണ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
‘ആംബുലൻസ് ഞങ്ങൾ സഞ്ചരിച്ച പിങ്ക് പോലീസ് വാഹനത്തെ ആദ്യം മറികടന്നുപോയിരുന്നു. എന്നാൽ പിന്നീട് വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ പോലീസ് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിചെന്ന് ആംബുലൻസിന് വഴിയൊരുക്കിയത്’, അവർ കൂട്ടിച്ചേർത്തു