play-sharp-fill
ഫോമില്ലായ്‌മയുടെ പേരിലെ രൂക്ഷ വിമര്‍ശനം ;  ഡേവിഡ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തം ;  വിരമിക്കലിന് സൂചന നൽകി ഭാര്യയുടെ വാക്കുകള്‍

ഫോമില്ലായ്‌മയുടെ പേരിലെ രൂക്ഷ വിമര്‍ശനം ;  ഡേവിഡ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തം ;  വിരമിക്കലിന് സൂചന നൽകി ഭാര്യയുടെ വാക്കുകള്‍

സ്വന്തം ലേഖകൻ 

ലീഡ്‌സ്: ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും വാര്‍ണര്‍ പരാജയമായിരുന്നു. ഇതോടെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കുന്ന കാര്യം ഉറപ്പില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹം ശക്തമാണ്. ഇതിന് ആക്കംകൂട്ടി അദേഹത്തിന്‍റെ ഭാര്യ കാന്‍ഡിസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴി തുറന്നിരിക്കുകയാണ്.

ലീഡ്‌സിലെ മൂന്നാം ടെസ്റ്റിന് ശേഷമാണ് കാന്‍ഡിസ്, ഡേവിഡ് വാര്‍ണര്‍ക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ടെസ്റ്റ് ക്രിക്കറ്റിനൊപ്പമുള്ള യാത്രയുടെ യുഗം ഞങ്ങള്‍ക്ക് അവസാനിച്ചിരിക്കുന്നു, ഇത് രസകരമാണ്.

എക്കാലവും നിങ്ങളുടെ ഏറ്റവും വലിയ പിന്തുണ ഈ പെണ്‍പടയാണ്, ലവ് യൂ വാര്‍ണര്‍’ എന്നാണ് അഞ്ച് പേരുമുള്ള ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്.

2024 ജനുവരിയിൽ പാകിസ്ഥാനെതിരായ പരമ്പരയിൽ കളിച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കാനിരിക്കേയാണ് ടീമിൽ ഡേവിഡ് വാർണറുടെ സ്ഥാനം അനിശ്ചിതത്വത്തിലായത്.

കരിയറില്‍ 17-ാം തവണയും സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ വാര്‍ണര്‍ പുറത്തായിരുന്നു. ലീഡ്‌സിലെ തോല്‍വിക്ക് ശേഷം അടുത്ത മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചോദ്യത്തിന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ മറുപടി വന്നതിന് പിന്നാലെയാണ് കാന്‍ഡിസിന്‍റെ ഇന്‍സ്റ്റ പോസ്റ്റ്.

‘ടീം സെലക്ഷനായി എല്ലാ ഓപ്‌ഷനുകളും പരിഗണിക്കും. അടുത്ത മത്സരത്തിന് 9-10 ദിവസം അവശേഷിക്കുന്നു. കുറച്ച് ദിവസം എല്ലാവരും വിശ്രമിക്കും. അതിന് ശേഷം വീണ്ടും ഒത്തുകൂടും.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് കാമറൂണ്‍ ഗ്രീന്‍ ഫിറ്റായിരിക്കും. എല്ലാ താരങ്ങളും മത്സരത്തിന് ലഭ്യമാണ്. അതിനാല്‍ മാഞ്ചസ്റ്ററിലെ പിച്ച് വിലയിരുത്തിയ ശേഷം കൂടിയാലോചിച്ച് ഏറ്റവും മികച്ച ഇലവനെ കണ്ടെത്തും’ എന്നുമായിരുന്നു കമ്മിന്‍സിന്‍റെ വാക്കുകള്‍.

ഈ ആഷസ് പരമ്പരയിലെ ആറ് ഇന്നിംഗ്‌സിൽ ഡേവിഡ് വാർണർ നേടിയത് 141 റൺസ് മാത്രമാണ്. മുപ്പത്തിയാറുകാരനായ വാർണർ 106 ടെസ്റ്റിൽ ഇരുപത്തിയഞ്ച് സെഞ്ചുറിയോടെ 8343 റൺസെടുത്തിട്ടുണ്ട്.

ലീഡ്‌സില്‍ തോറ്റതോടെ 2011ന് ശേഷം ഇംഗ്ലണ്ടില്‍ ആഷസ് വിജയിക്കാനുള്ള അവസരമാണ് തലനാരിഴയ്‌ക്ക് ഓസീസിന് നഷ്‌ടമായത്. ജൂലൈ 19ന് മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റും 27ന് ഓവലില്‍ അവസാന മത്സരവും ആരംഭിക്കും.