
പ്രതിസന്ധിയിലായി ആശാ വർക്കേഴ്സ്: ആരോഗ്യമന്ത്രിയുമായുള്ള ആശവർക്കേഴ്സിന്റെ ചർച്ച പരാജയം, രാപ്പകൽ സമരം തുടരും
തിരുവനന്തപുരം: അശാ വർക്കർമാരുടെ ചർച്ച പരാജയം. വേതന കുടിശിക അടക്കം ആവശ്യപ്പെട്ടുള്ള രാപ്പകൽ സമരം തുടരുമെന്ന് ആശ വർക്കർമാർ. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. അടുത്ത വ്യഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതായി സംഘടന.
കേരള ആശ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സംസ്ഥാന പ്രസിഡൻ്റ് ശിവദാസൻ, ജനറൽ സെക്രട്ടറി ബിന്ദു എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. ചർച്ചയിൽ കുടിശികയുള്ള ഓണറേറിയം നൽകാൻ സർക്കാർ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.
വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ആശ വർക്കർമാർ മുന്നോട്ടുവെച്ചത്. കഴിഞ്ഞ ബജറ്റിൽ ആശ വർക്കർമാർക്കുള്ള ഓണറേറിയം 7500 ആയി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും 7000 രൂപയാണ് ഓണറേറിയമായി ആശ വർക്കർമാർക്ക് ലഭിക്കുന്നത്. 2025-26 ബജറ്റിൽ ആശ വർക്കർമാരെ കുറിച്ച് പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും വെട്ടിക്കുറയ്ക്കൽ അവസാനിപ്പിക്കണം, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും പെൻഷൻ പ്രഖ്യാപിക്കണം, വേതന കൃത്യസമയത്ത് നൽകണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.