
തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശമാര്‍; രാപകല്‍ സമരം തുടരുമെന്ന് സമരസമിതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ.
പ്രവർത്തകർക്ക് ഇളനീർ നല്‍കി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകല്‍ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണയുമായി സമരവേദിയില്‍ എത്തിയിട്ടുണ്ട്. കാസർകോട് മുതല്‍ തിരുവനന്തപുരം വരെ മേയ് 5ന് തുടങ്ങി ജൂണ്‍ 17ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമരപന്തലില്‍ നടന്നു. പ്രമുഖ ഗാന്ധിയൻ ഡോ എം പി മത്തായിയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
അതേസമയം, ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിയും രംഗത്തെത്തിയിട്ടുണ്ട്. തൃശൂരില്‍ നടക്കുന്ന ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിപാടി. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന വിവരമുണ്ട്. ഇതിനെ തുടർന്ന് മല്ലികാ സാരാഭായ് ഫേസ്‌ബുക്കിലൂടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ചാൻസിലർ ആയാല്‍ മിണ്ടാതിരിക്കണമോ എന്നാണ് അവർ ചോദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
