play-sharp-fill
ആശാ ശരത്തിന്റെ ഭർത്താവിനെ കാണാതെ പോയ വീഡിയോ ; കട്ടപ്പന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

ആശാ ശരത്തിന്റെ ഭർത്താവിനെ കാണാതെ പോയ വീഡിയോ ; കട്ടപ്പന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖിക

തന്റെ പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്ക് പേജിലൂടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ ആശാ ശരത്ത് പങ്കുവച്ചിരുന്നു. കണ്ടുകിട്ടുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നായിരുന്നു താരം അഭ്യർത്ഥിച്ചിരുന്നത്. ഈയൊരു അഭ്യർത്ഥന ചെറിയ തലവേദനയൊന്നുമല്ല കട്ടപ്പന പൊലീസിന് ഉണ്ടാക്കിയത്.വീഡിയോ കണ്ട പലരും കരുതിയിരുന്നത് യഥാർത്ഥത്തിൽ താരത്തിന്റെ ഭർത്താവിനെ കാണാതായി എന്നാണ്. ഇതിൽ ചിലർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം അന്വേഷിച്ചു. ഔദ്യോഗിക മൊബൈലിലേക്ക് വരെ ഇക്കാര്യം അന്വേഷിച്ച് ആളുകൾ വിളിച്ചിരുന്നെന്നും സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ആ വീഡിയോ എന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്.ഐ സന്തോഷ് സജീവൻ പറഞ്ഞു.ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആശ ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘എവിടെ’. കരഞ്ഞ് കലങ്ങിയ കണ്ണുകളും ഇടറുന്ന ശബ്ദവുമായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ‘പത്ത് നാൽപ്പത്തഞ്ച് ദിവസമായി ഭർത്താവിനെ കാണാനില്ല, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ച് വരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചുപറയും. ഇത് ഇപ്പോൾ ഒരു വിവരവുമില്ല. എപ്പോഴും കൂടെയുള്ളവരാണ് നിങ്ങൾ. ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.’ എന്നായിരുന്നു താരം വീഡിയോയിൽ പറഞ്ഞത്.വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. കൂടാതെ പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശ ശരത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.