
വീര്യമേറിയ മയക്കുമരുന്ന് പൊതി ഒന്നിന് 1000 രൂപ നിരക്കിൽ വിൽപ്പന; കഞ്ചാവ് ഉപയോഗിക്കുവാൻ ഫ്ളിപ്പ്കാർട്ടിൽ നിന്നും ഓൺലൈനായി വാങ്ങിയ പ്രത്യേക ഉപകരണം; കഞ്ചാവ് ആവശ്യപ്പെട്ട് വിളിക്കുന്നവരിൽ പെൺകുട്ടികളും; ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോധനയിൽ ചങ്ങനാശ്ശേരി തെങ്ങണയിൽ ആസാം സ്വദേശി പിടിയിൽ; ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു
കോട്ടയം: എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് മയക്കുമരുന്ന് പരിശോധനയിൽ ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്നു ഒന്നര കിലോ കഞ്ചാവുമായി ആസാം സ്വദേശി അസിം ചങ്ങ് മയ് (35 )നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
അസി.എക്സൈസ് ഇൻസ്പെക്ടർ എം. നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം എക്സൈസ് ഷാഡോ ടീം നിരീക്ഷിച്ച് വരുകയായിരുന്നു.
വീര്യമേറിയ മയക്കുമരുന്ന് പൊതി ഒന്നിന് 1000 രൂപയ്ക്കായിരുന്നു വില്പന നടത്തിയിരുന്നത്. കഞ്ചാവ് ഉപയോഗിക്കുവാൻ ഫ്ളിപ്പ്കാർട്ടിൽ നിന്നും ഓൺലൈനായി വാങ്ങിയ പ്രത്യേക ഉപകരണവും ഇയാൾ 15 രൂപ നിരക്കിൽ വില്പന നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ദിവസങ്ങളിൽ ഇയാളോടൊപ്പം കൗമാരക്കാരും ചെറുപ്പക്കാരും ചങ്ങാത്തം കൂടുക പതിവായിരുന്നു. അറസ്റ്റിലായതിന് ശേഷവും നിരവധി യുവതികൾ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളെ വിളിച്ചിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽകൂടുതൽ റെയ്ഡും അറസ്റ്റും ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസം മുമ്പ് വലിയ അളവിൽ ബ്രൗൺ ഷുഗറും ഈ മേഖലയിൽ നിന്ന് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പിജി,
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ .സി. ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ , ദീപക് സോമൻ, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ റോയ് എന്നിവരും പങ്കെടുത്തു.