
കുഞ്ഞാലിയെ കൊന്നത് ഞാനല്ല; ഗോപാലന്‍’: ജനകീയമായ ഒരു നേതാവ് കൊല്ലപ്പെട്ടുവെന്നത് മാത്രമല്ല, ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് ആണ് കേസിലെ ആരോപണ വിധേയന്‍ എന്നതുകൂടിയായിരുന്നു കുഞ്ഞാലിവധം കോളിളക്കം സൃഷ്ടിച്ചത്; മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാരനായി ഒരു കൊലക്കേസ് പ്രതി; കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകചരിത്രത്തിൽ ആര്യാടൻ മുഹമ്മദിനെ എഴുതിച്ചേർത്ത സംഭവം ഇങ്ങനെ
മലപ്പുറം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കെ. കുഞ്ഞാലിയുടെത്. ജനകീയമായ ഒരു നേതാവ് കൊല്ലപ്പെട്ടുവെന്നത് മാത്രമല്ല, ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് ആണ് കേസിലെ ആരോപണ വിധേയന്‍ എന്നതുകൂടിയായിരുന്നു കുഞ്ഞാലിവധം കോളിളക്കം സൃഷ്ടിച്ചത്. കുഞ്ഞാലിക്ക് മരണ മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളുടെ അഭാവത്തിലും ഹൈക്കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു.
ഭൂപ്രമാണിമാര്‍ക്കും ചൂഷകര്‍ക്കുമെതിരേ ഏറനാടുമേഖലയില്‍ പട്ടിണിപ്പാവങ്ങള്‍ നടത്തിയ പോരാട്ടങ്ങളിലെല്ലാം സഖാവ് കുഞ്ഞാലിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അവകാശസമരങ്ങളില്‍ നെഞ്ചുവിരിച്ച് മുന്നേറിയ കുഞ്ഞാലിയുടെ നേതൃത്വത്തിലാണ് ഏറനാടിന്റെ മണ്ണിലും മനസ്സിലും കമ്യൂണിസത്തിന്റെ വിത്ത് വിതച്ചത്. ഇത്തിള്‍വില്‍പ്പനക്കാരിയായ അമ്പലന്‍ ആയിഷുമ്മയുടെ മകനായി ജനിച്ച കുഞ്ഞാലി ചെറുപ്പം മുതല്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. ഹൈസ്‌കൂള്‍പഠനത്തിനുശേഷം സൈന്യത്തില്‍ ചേര്‍ന്നു. വ്യോമസേനയിലെ മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം കുഞ്ഞാലിയെ പുറത്താക്കി. നാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞാലി സൈനികജീവിതത്തില്‍നിന്ന് വിരമിച്ചവരുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു. മഞ്ചേരിയില്‍ നടന്ന വിരമിച്ച സൈനികരുടെ സമ്മേളനം വന്‍വിജയമായി. കൊണ്ടോട്ടി വില്ലേജ് കമ്മിറ്റി അംഗമായി കുഞ്ഞാലി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി.
തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി ഭൂവുടമകള്‍ക്കെതിരേ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രക്ഷോഭങ്ങളും സമരങ്ങളും കുഞ്ഞാലിയെ ജനപ്രിയനാക്കി. ഇതിനിടെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി കുറച്ചുകാലം മൈസൂരുവില്‍ പ്രവര്‍ത്തിച്ചു. 1964-ല്‍ കാളികാവ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി കുഞ്ഞാലിയെ തിരഞ്ഞെടുത്തു. ഇതിനിടെ പല കേസുകളിലായി കുഞ്ഞാലി ജയില്‍വാസമനുഷ്ഠിച്ചു. 1965-ലും ’67-ലും നിലമ്പൂരില്‍നിന്ന് മത്സരിച്ച് നിയമസഭാംഗമായി. ആര്യാടന്‍മുഹമ്മദായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 1969 ജൂലായ് 26-ന് അര്‍ധരാത്രി ചുള്ളിയോട്ടുവെച്ച് വെടിയേറ്റ ആ ധീരനേതാവ് രക്തസാക്ഷിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. കുഞ്ഞാലി എം.എല്‍.എ.യെ വെടിവെച്ച സംഭവത്തില്‍ അന്നത്തെ മലപ്പുറം ഡി.സി.സി.പ്രസിഡന്റായിരുന്ന ആര്യാടന്‍മുഹമ്മദ് ആയിരുന്നു ഒന്നാംപ്രതി. കൈനാറിപ്പുറം ചന്ദ്രന്‍, മാട്ടുമ്മല്‍ മുഹമ്മദ്, ചേലേക്കാട്ട് അബ്ദുല്‍സലാം, പൈക്കാടന്‍ അബു, പാലയ്ക്കത്തൊടി അവറാന്‍കുട്ടി, കൊടിയാടന്‍ ഗോവിന്ദന്‍, കല്ലംകുന്നന്‍ മൊയ്തു, തെയ്യംവീട്ടില്‍ വേലായുധന്‍ ചെട്ട്യാര്‍, ടി. മുഹമ്മദ്, പെരുമ്പള്ളി ഹംസ, വടക്കെത്തൊടി യൂസഫ്, വടക്കത്ത് തങ്കമണി, എല്‍.കെ. അബു, എന്‍.കെ. യൂസഫ്, പുലിക്കോട്ട് കുമാരന്‍, നീലമ്പ്ര മുഹമ്മദ്, കളത്തിങ്കല്‍ത്തൊടി അബ്ദു, വഴുതിനങ്ങാപറമ്പന്‍ ഗോപാലന്‍, ചുരപ്പിലാന്‍മുഹമ്മദ്, പാലക്കല്‍ സെയ്തലവി, കെ. മുഹമ്മദ്, നെടുമ്പള്ളി അയ്യപ്പന്‍, പാലേരിക്കണ്ടിയില്‍ കമ്മു, പുലിക്കോട്ടില്‍ കുമാരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ നാലാം പ്രതി ചേലേക്കാട്ട് അബ്ദുള്‍സലാം ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോയി. മറ്റ് 24 പേരെയും കോടതി വെറുതേവിട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഗോപാലന്‍ എന്നയാളാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞാലിയെ വെടിവയ്ക്കാന്‍ ആര്യാടനാണ് ഗോപാലനെ ഏര്‍പ്പെടുത്തിയതെന്നാണ് അന്ന് കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍, കുഞ്ഞാലി വധത്തില്‍ പ്രതിയായിരുന്ന ആര്യാടന്‍ 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തില്‍ അവസാനം വരെ വേട്ടയാടിയ സംഭവമായിരുന്നു കുഞ്ഞാലി വധം.
മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു മുസ്ലിം ലീഗ്. സഖ്യകക്ഷിയാണെങ്കിലും മുസ്ലിം ലീഗിന്റെ വളര്‍ച്ച കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നു ആര്യാടന്‍ മുഹമ്മദിന്. അതുകൊണ്ടുതന്നെ ലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‍ മടിച്ചിരുന്നില്ല. പാണക്കാട് തങ്ങള്‍ മുതല്‍ അഞ്ചാം മന്ത്രി വിഷയത്തില്‍ വരെ ലീഗും ആര്യാടനും ഏറ്റുമുട്ടി. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ ആര്യാടനെ ലീഗ് കൈവിട്ടില്ല. സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ആര്യാടന് നേതൃപാടവം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത നേതാവായി മാറി. 1962വണ്ടൂരില്‍ നിന്ന് കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969ല്‍ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി.
ഒരു ജില്ല പുതിയതായി രൂപം കൊള്ളുമ്ബോള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രധാനപ്പെട്ട ഒന്നിന്റെ അമരക്കാരനായി ഒരു കൊലക്കേസ് പ്രതിയെ നിയോഗിക്കുക.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അത്തരമൊരു സംഭവം ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തില്‍ മാത്രമേ ഒരു പക്ഷേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. അത്രത്തോളം വിശ്വാസ്യതയായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന രാഷ്ട്രീയ അതികായന്‍ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ ആര്‍ജ്ജിച്ചെടുത്തത്.
1969 ലെ നിലമ്ബൂര്‍ എംഎല്‍എ കുഞ്ഞാലി വധക്കേസില്‍ ഒന്നാം പ്രതിയായി കുറ്റം ചുമത്തി 9 മാസക്കാലം ജയിലിലേക്ക് അയക്കപ്പെട്ടപ്പോള്‍ അത് ആര്യാടനെന്ന രാഷ്ട്രീയ നേതാവിന്റെ അസ്തമയമായി എഴുതി ഉറപ്പിച്ചവര്‍ ഉണ്ടാവാം.എന്നാല്‍ രാഷ്ട്രീയ നിരീക്ഷകരുടെ മുന്‍വിധികളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് അന്നത്തെ പാര്‍ട്ടി നേതൃത്വം ആര്യാടനെ വിശ്വാസത്തിലെടുത്തത്. ഇതിന് തെളിവായിരുന്നു വിചാരണ കേള്‍ക്കാന്‍ അന്നത്തെ കെപിസിസി.പ്രസിഡന്റ് കെ.കെ. വിശ്വനാഥനും കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് കെ. കരുണാകരനും കോഴിക്കോട് കോടതിയില്‍ എത്തിയത്.
പിന്നീട് ജയിലില്‍ കിടക്കുമ്ബോഴും പാര്‍ട്ടി നേതൃത്വം ആര്യാടനോട് ആവശ്യപ്പെട്ടത് കുഞ്ഞാലിയുടെ മരണത്തെത്തുടര്‍ന്ന് നിലമ്ബൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്്. കെ.കെ. വിശ്വനാഥനും കെ. കരുണാകരനും ജയിലിലെത്തി ഇക്കാര്യം ആവശ്യപ്പെട്ടതായും അദ്ദേഹം തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.. ഒപ്പിട്ടുനല്‍കാന്‍ നാമനിര്‍ദ്ദേശപത്രികയുമായാണ് അവര്‍ വന്നത്. അതുവേണ്ട എന്ന് താന്‍ അവരോടുപറഞ്ഞു. ഇപ്പോള്‍ ഞാന്‍ മത്സരിക്കുന്നത് കേസിന് എതിരായിത്തീരുമെന്നും കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് തനിക്ക് അവിടെ മത്സരിച്ച് എം. എല്‍.എ. ആവാന്‍ വേണ്ടിയാണെന്ന് എതിര്‍ഭാഗം വാദിക്കും. അത് ഒഴിവാക്കുന്നതാണ് നല്ലതെന്നായിരുന്നു അന്ന് ആര്യാടന്‍ സ്വീകരിച്ച നിലപാട്.
തുടര്‍ന്ന് എംപി. ഗംഗാധരനെ നിലമ്ബൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി.പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോള്‍ ആര്യാടനെ കോടതി വെറുതേവിട്ടു. അവസാന മൂന്നുദിവസത്തെ പ്രചാരണത്തിന് ഡി.സി.സി. പ്രസിഡന്റ് എന്നനിലയില്‍ ആര്യാടന്‍ നിലമ്ബൂരില്‍ എത്തുകയും ആ തിരഞ്ഞെടുപ്പില്‍ ഗംഗാധരന്‍ വിജയിച്ചു എന്നതും ചരിത്രം. പിന്നീടിങ്ങോട്ട് നിലമ്ബൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അത് ആര്യാടന്‍ മുഹമ്മദെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തോട് എത്രമാത്രം ചേര്‍ന്നു കിടക്കുന്നു എന്നത് വ്യക്തമാവും.
1978-ല്‍ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് ഇടത് മുന്നണിയിലേക്ക് പോയ ഘട്ടത്തില്‍ കുഞ്ഞാലിയുടെ തട്ടകമായിരുന്ന നിലമ്ബൂരിലെ സ്ഥാനാര്‍ത്ഥിയായി ആര്യാടനെയാണ് രംഗത്തിറക്കിയത്. ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് അദ്ദേഹം മന്ത്രിയായത്. നായനാര്‍ മന്ത്രിസഭയിലെ വനം- തൊഴില്‍ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനേയാണ് അന്ന് ആര്യാടന്‍ പരാജയപ്പെടുത്തിയത്.
1982-ല്‍ നിലമ്ബൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1987 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല. 2011-ലാണ് അദ്ദേഹം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൊലയാളിയെന്ന പരിവേഷത്തില്‍ നിന്നും നിലമ്ബൂരിനെ തന്റെ തട്ടകമാക്കി മാറ്റിക്കൊണ്ട് എട്ട് തവണയാണ് നിലമ്ബൂരില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്കെത്തിയത്.