മദ്യനയക്കേസ് : ഇ.ഡി അറസ്റ്റ് ; കെജ്‌രിവാളിൻ്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

മദ്യനയക്കേസ് : ഇ.ഡി അറസ്റ്റ് ; കെജ്‌രിവാളിൻ്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി : മദ്യനയക്കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 15-ന് പരിഗണിക്കും.ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, ദിപാങ്കര്‍ ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 9-ന് തള്ളിയിരുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്‌രിവാളിന്റ വാദം കോടതി തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവ തിരഞ്ഞെടുപ്പിന് കെജ്‌രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആംആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയുടെ മൊഴിയും ഇ.ഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞതായി കോടതി വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കെജ്‌രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ശരിവെച്ചത്.

ഇതിനിടെ തിഹാര്‍ ജയിലിലുള്ള കെജ്‌രിവാളിനെ മുഖാമുഖം കാണാന്‍ ഭാര്യ സുനിത കെജ്‌രിവാളിന് ജയില്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് എ.എ.പി നേതാവും രാജ്യസഭാ അംഗവുമായ സജ്ഞീവ് സിങ് ആരോപിച്ചു. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് അതികൃതര്‍ കാണിക്കുന്നതെന്നും കൊടും കുറ്റവാളികളെവരെ ജയിലിൽ പോയി സന്ദര്‍ശിക്കാനുള്ള അനുമതി കിട്ടാറുണ്ടെന്നും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ കെജ്‌രിവാളിനെ ദ്രോഹിക്കുകയാണെന്നും സജ്ഞയ് സിങ് വിമര്‍ശിച്ചു.

കെജ്‌രിവാളിനെ സന്ദര്‍ശിക്കാനായി സജ്ഞീവ് സിങ്ങിന് ആദ്യം ടോക്കണ്‍ അനുവദിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതായും ആരോപിച്ചു.