ഒരു കാറും രണ്ട് മനുഷ്യരും അപ്രത്യക്ഷമായിട്ട് നാലാണ്ട്; ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വാങ്ങാന്‍ പോയ കുമരകത്തെ ദമ്പതികളുടെ തിരോധാനത്തില്‍ എങ്ങുമെത്താതെ അന്വേഷണം; എഴുപത് കഴിഞ്ഞ ഉപ്പയും പറക്കമുറ്റാത്ത രണ്ട് മക്കളും കാത്തിരിപ്പ് തുടരുന്നു; മൊബൈലും പഴ്‌സും പാസ്‌പോര്‍ട്ടും എടുക്കാതെ ഹാഷിമും ഹബീബയും യാത്ര പോയത് എങ്ങോട്ട്?
സ്വന്തം ലേഖകന്‍
കുമരകം: ഹര്‍ത്താല്‍ ദിനത്തില്‍ വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവര്‍ അപ്രത്യക്ഷമായിട്ട് നാല് വര്‍ഷം. 2017 ഏപ്രില്‍ ആറിന് രാത്രി ഒന്‍പതിനാണ് ഇരുവരെയും കാണാതാകുന്നത്. കോട്ടയം ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. മൊബൈല്‍ ഫോണ്‍, പഴ്‌സ്, പാസ്‌പോര്‍ട്ട് എന്നിവയൊന്നും എടുക്കാതെയാണ് ഇവര്‍ പോയത്. പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല.
പിറ്റേദിവസം തന്നെ ഹാഷിമിന്റെ പിതാവ് അബ്ദുള്‍ഖാദര്‍ മകനെയും മരുമകളെയും കാണാനില്ലെന്ന് കാണിച്ച് കുമരകം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് യാത്രാവഴി കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് കണ്ട അബ്ദുള്‍ഖാദര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പുതിയ 40-അംഗ സംഘത്തെയും നിയോഗിച്ചു. ജലാശയങ്ങളില്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിന് ഹമ്മിംഗ് ബേര്‍ഡ് എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെയും പൊലീസ് ഉപയോഗിച്ചു. എന്നാല്‍, തുമ്പൊന്നും കിട്ടിയില്ല. കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്വേഷണം വ്യാപകമാക്കി. ഇരുവരും പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തി.
തമിഴ്‌നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും അജ്മീര്‍ അടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അബ്ദുള്‍ഖാദര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല. എഴുപത് കഴിഞ്ഞ അബ്ദുള്‍ഖാദറിനോടൊപ്പമാണ് ഇവരുടെ രണ്ട് മക്കളും.