കുട്ടിയെ ക്രൂരമായി തല്ലിക്കൊന്നവനും ജയിലിൽ മട്ടൻ കറി കൂട്ടി ഊണ്: കൊടുംകുറ്റവാളികൾക്ക് പോലും ജയിലിൽ വൻ മനുഷ്യാവകാശം: ആളെ കൊല്ലുന്നവനും ജയിലുകളിൽ വൻ സുരക്ഷാ പരിഗണന

കുട്ടിയെ ക്രൂരമായി തല്ലിക്കൊന്നവനും ജയിലിൽ മട്ടൻ കറി കൂട്ടി ഊണ്: കൊടുംകുറ്റവാളികൾക്ക് പോലും ജയിലിൽ വൻ മനുഷ്യാവകാശം: ആളെ കൊല്ലുന്നവനും ജയിലുകളിൽ വൻ സുരക്ഷാ പരിഗണന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനിയും വേണോ ജയിലുകളിൽ കൊടും കുറ്റവാളികൾക്കുള്ള ഈ മനുഷ്യാവകാശ പരിരക്ഷ. ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല. സാധാരണക്കാരായ ഒരു പറ്റം മനുഷ്യരാണ്. തൊടുപുഴയിൽ ഏഴു വയസുകാരനെ അതിക്രൂരമായി തല്ലിക്കൊന്ന കൊടുംകുറ്റവാളി കോബ്രാ അരുണിന് ജയിലിൽ മട്ടൻ കൂട്ടി ഊണ് നൽകി എന്ന വാർത്ത പുറത്ത് വന്നതാണ് ജയിലിൽ കുറ്റവാളികൾക്ക് ലഭിക്കുന്ന അമിത പരിരക്ഷയെപ്പറ്റിയുള്ള ആശങ്കയ്ക്ക് കാരണമായത്. ആഴ്ചയിൽ ഒരു ദിവസം മട്ടൻ, ഒരു ദിവസം ചിക്കൻ, മുട്ട, ബീഫ് അതി ലാവിഷ് ഭക്ഷണമാണ് ജയിലുകളിൽ കുറ്റവാളികൾക്കായി നമ്മുടെ സർക്കാർ ഒരുക്കി നൽകുന്നതെന്ന് കേൾക്കുമ്പോൾ അറിയാതെ ആരുടെയും രക്തം തിളച്ചു പോകും. അംഗനവാടി കുട്ടികൾക്കും, നഴ്‌സറി കുട്ടികൾക്കും ഇപ്പോഴും ഉച്ചക്കഞ്ഞിക്കൊപ്പം പയർ മാത്രം വിതരണം ചെയ്യുന്ന രാജ്യത്താണ് കുറ്റകൃത്യങ്ങളിൽ കുടുങ്ങി ജയിലുകളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന കൊടുംകുറ്റവാളികൾക്ക് മട്ടൻ നൽകുന്നത്.
തൊടുപുഴയിൽ ഏഴുവയസുകാരനെ അതിക്രൂരമായി ആക്രമിച്ച പ്രതി അരുണിന് രണ്ടിടി കിട്ടണമെന്ന് സാധാരണക്കാരായ ഏതൊരാളും ആഗ്രഹിക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ പൊലീസ് അല്ലാതെ മറ്റാരും ആ ശുദ്ധ കർമ്മ ചെയ്യാനില്ല താനും. എന്നാൽ, അതിക്രൂരമായ രീതിയിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ കുട്ടിയെ തല്ലിച്ചതച്ച നരാധമനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയാൽ ജഡ്ജിയും കോടതി അധികൃതരും ആദ്യം ചോദിക്കുന്നത് പൊലീസ് തല്ലിയോ എന്നാവും. തല്ലിയെന്നെങ്ങാനും പ്രതി പറഞ്ഞാൽ അയാൾ ചൂണ്ടിക്കാണിക്കുന്ന പൊലീസുകാരുടെയും, മേൽനോട്ടം വഹിച്ച ഉന്നത ഉദ്യോഗസ്ഥരുടെയും പണിതെറിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ വിഎസ് സർക്കാരിന്റെ കാലത്ത് കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്തെ ജയിലുകളിലെ മെനുവിൽ മാറ്റം വരുത്തിയത്. ഗോതമ്പുണ്ടയ്ക്ക് പകരം ജയിലിൽ ചപ്പാത്തിയും, ചിക്കനും ലാവിഷ് ഭക്ഷണവും വന്നത് അക്കാലത്താണ്. ഇത് തന്നെയാണ് ഇപ്പോൾ കുറ്റവാളികൾക്ക് സുഖവാസത്തിന് അവസരം ഒറുക്കിയിരിക്കുന്നത്. ആർക്കും എന്തു കുറ്റവും ചെയ്ത ശേഷം നേരെ ജയിലിലെത്താം. സുഖഭക്ഷണവും താമസവും ഉറപ്പ്.