
ഭാരത് വിശ്വനാഥന്റെ പാപ്പാന്റെ ദാരുണാന്ത്യം: വിനയായത് ആനയെ അനുസരിപ്പിക്കാനുള്ള അടി; ആനയെ അടിയ്ക്കാൻ ശ്രമിച്ച അരുണിന് അടി തെറ്റി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭാരത് വിശ്വനാഥന്റെ പാപ്പാൻ അരുണിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയത് ആനയെ അടിയ്ക്കുന്നതിനിടെ പാപ്പാന്റെ അടിതെറ്റിയത്. ആനയെ പാപ്പാൻ അടിയ്ക്കാൻ ശ്രമിക്കുന്നതും, കാൽ വഴുതി ആനയുടെ അടിയിലേയ്ക്ക് വീഴുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ആനയുടെ കെട്ടുംതറയിലെ സി.സിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ തേർഡ്് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഭാരത് വിശ്വനാഥന്റെ ഒന്നാം പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കറുടെ (40) മൃതദേഹം ഭാരത് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 9.50 ഓടെ കാരാപ്പുഴയിലെ ആനയുടെ കെട്ടുതറയിലായിരുന്നു അപകടം. കൊമ്പനെ രാവിലെ കുളിപ്പിക്കുന്നതിനായാണ് അരുൺ ഓസുമായി അടുത്ത് എത്തിയത്. ആനയുടെ ശരീരത്തിൽ വെള്ളം ഒഴിച്ച ശേഷം ചകിരി ഉപയോഗിച്ച് കഴുകുന്നതിന് മുന്നോടിയായി അരുൺ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടു. ആനയോട് വലത്തേയ്ക്ക് കിടക്കാനാണ് അരുൺ നിർദേശിച്ചത്. എന്നാൽ, ഈ നിർദേശം ലംഘിച്ച കൊമ്പൻ ഇടത്തേയ്ക്ക് കിടക്കാൻ ഒരുങ്ങി. ഇതിൽ ക്ഷുഭിതനായ അരുൺ ആനയെ അടിയ്ക്കാൻ വടി ഓങ്ങി. ആനയെ ഓങ്ങുന്നതിനിടെ, കെട്ടുംതറയിലെ വെള്ളത്തിൽ കാൽ തെന്നിപ്പോയ അരുൺ മറിഞ്ഞു വീണു. അരുൺ വീണതിന്റെ തൊട്ടു പിന്നാലെ തന്നെ ആന ആരുണിന്റെ പുറത്തേയ്ക്ക് കിടക്കുകയും ചെയ്തു. ശരീരത്തിന്റെ പാതിയിലേറെയും ആനയുടെ അടിയിലായ അരുൺ നിലവിളിച്ചെങ്കിലും ആന മാറിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ആനയുടെ അടിയിൽ അരുൺ കുടുങ്ങിക്കിടക്കുന്നത് കണ്ട് രണ്ടാം പാപ്പാൻ അടക്കമുള്ളവർ ഓടിയെത്തി. തുടർന്ന് ആനയെ എഴുന്നേൽപ്പിച്ച ശേഷമാണ് അരുണിനെ പുറത്ത് എടുത്തത്. തുടർന്ന് അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ തന്നെ പലയിടത്തും പ്രശ്‌നമുണ്ടാക്കിയിട്ടുള്ള ഭാരത് വിശ്വനാഥൻ കുറുമ്പനായിരുന്നു. മുൻപ് പലക്ഷേത്രങ്ങളിലും ആന പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ഭാരത് ഗ്രൂപ്പ് തിരുനക്കര ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ തിരുനക്കര വിശ്വനാഥനെ പാപ്പാൻമാർ മർദിച്ച് കൊലപ്പെടുത്തിയ അനുഭവമുള്ള സാഹചര്യത്തിലാണ് ആനയെ കെട്ടുന്ന തറയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ ഭാരത് അധികൃതർ തയ്യാറായിരുന്നത്.