തെങ്ങില്ലാതെ കള്ളുണ്ടാക്കാം, പൊടിയും വെള്ളവും മതി, ഇത് ഒറിജിലിനെ വെല്ലുന്ന അറുമുഖ ബ്രാൻഡ് റെഡി!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെങ്ങ് വേണ്ട, ചെത്താൻ ആളെയും അന്വേഷിക്കണ്ട, തെങ്കാശി സ്വദേശി അറുമുഖ സ്വാമി തയാറാക്കും നല്ല ഒന്നാന്തരം കള്ള്! ഒറിജിനലിനെ വെല്ലും. ഒന്നാന്തരം കിക്ക് കിട്ടുന്ന സൊയമ്പൻ ഐറ്റം. ഒന്നടിച്ചാൽ വീണ്ടും തേടിയെത്തും. കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ്.
ഈ കള്ളുണ്ടാക്കുന്ന വിദ്യ കഴിഞ്ഞ ദിവസം എക്‌സൈസുകാരുംപഠിച്ചു! എങ്ങനെയെന്നല്ലേ, വ്യാജക്കള്ള് വിറ്റ് കാശ് സമ്പാദിക്കുന്നതിനിടെ അറുമുഖ സ്വാമി എക്‌സൈസിന്റെ പിടിയിലായി. കള്ളിന്റെ ഗുട്ടൻസ് ചോദിച്ചപ്പോൾ അറുമുഖ സ്വാമി മടിയൊന്നും കൂടാതെ ചേരുവ വിളമ്ബി. സംഗതി എക്‌സൈസുകാർ മണത്തുനോക്കി, ശുദ്ധമായ തെങ്ങിൻ കള്ള് തോൽക്കുന്ന നിറവും മണവും. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി.ഐയും സംഘവുമാണ് കരിക്കകത്തിന് സമീപത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അറുമുഖ സ്വാമിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യ ചേരുവ
തെങ്ങിൽ നിന്ന് എടുക്കാതെ കള്ളുണ്ടാക്കുന്ന അറുമുഖ സ്വാമിയുടെ ചേരുവകൾ: 80 ലിറ്റർ വെള്ളം, മൂന്ന് ടീ സ്പൂൺ പൗഡർ. ഇതിലൂടെ കിട്ടുന്നത് 20 ലിറ്റർ കള്ള്. അറുമുഖ സ്വാമിയുടെ ബന്ധുവായ തെങ്കാശിക്കാരനാണ് കള്ള് പൊടിയുടെ രഹസ്യ ചേരുവ തയാറാക്കുന്നത്. ചോളപ്പൊടിപോലുള്ളതിൽ യൂറിയ, വാനില എസൻസ്, സോഡിയം ലയോറൽ സൾഫേറ്റ് എന്നിവ കലർത്തും. അത് മിക്‌സിയിൽ അടിച്ച് കൂട്ട് തയ്യാറാക്കും. ഇത് വെള്ളവുമായി ചേർത്ത് 20 മിനിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചാൽ
കള്ളുതോൽക്കും വ്യാജൻ റെഡി. വീട്ടിൽ ആട്ടമാവിന്റെ ബിസിനസ് നടത്തുന്ന അറുമുഖൻ അതിന്റെ മറവിലാണ് കള്ള് പൊടി വിൽപ്പനയും നടത്തിയിരുന്നത്.
എക്‌സൈസ് മണത്തറിഞ്ഞു
തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് അറുമുഖ സ്വാമിയുടെ വ്യാജക്കള്ള് പൗഡർ വിൽപ്പന. ശുദ്ധമായ കള്ള് വിൽക്കുന്ന ചില ഷാപ്പുകാരെ സമീപിച്ചതോടെയാണ് വിവരം എക്‌സൈസിന്റെ ചെവിയിലെത്തിയത്. തുടർന്ന് നിരീക്ഷണം. അറുമുഖ സ്വാമി ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്ബർ കണ്ടെത്തി. പക്ഷേ, അത് വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ സംശയം ഇരട്ടിച്ചു. ആവശ്യക്കാർക്കായി 120 കിലോയോളം പൗഡർ തയാറാക്കി വച്ചിരിക്കുന്ന വിവരം കിട്ടി. തുടർന്ന് അറുമുഖ സ്വാമിയെ പിടികൂടി. സാമ്ബിൾ രാസപരിശോധനയ്ക്ക് അയച്ചു. അറുമുഖ സ്വാമി പറഞ്ഞതൊക്കെയും ശരിയാണോ എന്നറിയാൻ പരിശോധനാ ഫലം കിട്ടണം.
കൊള്ളലാഭം
ഒരു ലിറ്റർ കള്ളിന് ചെലവെല്ലാം പോയശേഷം കഷ്ടിച്ച് 20 രൂപയാണ് ഷാപ്പുടമയുടെ ലാഭം. എന്നാൽ ‘അറുമുഖ ബ്രാൻഡിന്’ ചെലവുതന്നെ 20 രൂപയിലൊതുങ്ങും. നൂറ് രൂപയിലധികം ലാഭം. അറുമുഖ സ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെങ്കാശിയിലേക്കും പൗഡറുപയോഗിച്ച് കള്ളുണ്ടാക്കി വിറ്റ ഷാപ്പുകളിലേക്കും അന്വേഷണം നീളും.