
ആ കുട്ടികൾക്ക് പരീക്ഷ എഴുതാം: ജയിച്ചോ തോറ്റോ എന്നറിയാൻ ഹൈക്കോടതി വിധി വരെ കാത്തിരിക്കണം
സ്വന്തം ലേഖകൻ
കൊച്ചി: സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഉപാധികളോടെ പത്താം ക്ലാസ് പരീക്ഷയെഴുതാം. എന്നാൽ ഫലപ്രഖ്യാപിക്കുക കേസിന്റെ അന്തിമ വിധി വന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഇനിയുള്ള പരീക്ഷകൾ എഴുതാനാണ് ഹൈകോടതി അനുമതി നൽകിയിരിക്കുന്നത്.
ഇതോടെ മാർച്ച് 4, 14,18 എന്നീ തീയതികളിൽ നടക്കുന്ന പരീക്ഷകളാണ് വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കുക. അരൂജാസ് സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് സി.ബി.എസ്.ഇ ഹൈകോടതിയെ അറിയിച്ചു. ഒരു വീട്ടിൽ ആണ് സ്‌കൂൾ നടത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകൾക്കെതിരായ സംസ്ഥാന സർക്കാരിെന്റ തെറ്റായ സമീപനമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അരൂജാസിലെ സ്‌കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക് ഇരുത്താൻ ശ്രമിച്ച മൂന്നു സ്‌കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാൽ കൊച്ചി മൂലങ്കുഴി അരൂജാസ് സ്‌കൂളിലെ 28 വിദ്യാർഥികൾക്ക് ഫെബ്രുവരി 24, 26, 29 തീയതികളിലെ പരീക്ഷകൾ എഴുതാൻ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത ഈ സ്‌കൂളിലെ അധികൃതർ കുട്ടികളെ ആറു വർഷമായി പെരുമ്പാവൂരിലെ ഒരു സ്‌കൂൾ വഴിയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്.