
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..! ഇല്ലെങ്കില്‍ പോക്കറ്റ് കീറും; ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ ഏപ്രിൽ 20 മുതല്‍ പണി തുടങ്ങും; ക്യാമറകളില്‍ പതിയുന്നത് നിയമലംഘകര്‍ക്ക് തര്‍ക്കം ഉന്നയിക്കാന്‍ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങൾ
സ്വന്തം ലേഖിക
തിരുവനനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ ഈ മാസം 20മുതല്‍ നിയമലംഘകരെ പിടികൂടി പിഴ ചുമത്തും.
നിയമലംഘകര്‍ക്ക് തര്‍ക്കം ഉന്നയിക്കാന്‍ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളില്‍ പതിയുന്നത്. ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞാല്‍ മോട്ടോര്‍വാഹന വകുപ്പിൻ്റെ സംസ്ഥാന -ജില്ല കണ്‍ട്രോള്‍ റൂമിലാണ് ബാക്കി പ്രവര്‍ത്തനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെല്‍ട്രോണ്‍ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിതമായുള്ള ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയില്‍ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവര്‍ക്ക് കൈമാറും.
726 ക്യാമറകളില്‍ 675 ക്യാമറകള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് ഉപയോഗിക്കുക.
അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിതവേഗം കണ്ടുപിടിക്കുന്നതിനു നാല് ഫിക്സഡ് ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാന്‍ 18 ക്യാമറകളും ഉണ്ടാകും. ഇതിന്റെ ഏകോപനത്തിനായി 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു പ്രവര്‍ത്തിക്കും.