
എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്; മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം കണ്ടെത്തി; സ്കൂൾ പരിസരങ്ങളിലെ 81 കടകൾ അടച്ചുപൂട്ടും; 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് പരിശോധന.
സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതിൽ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്.