
കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് പൊതുവിപണിയിൽ ഉപയോഗിച്ചു. സിനിമാ ആർട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി വളവിൽചിറ ഷൽജിയെ (50) ആണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. ബുധനാഴ്ച ആയിരുന്നു സംഭവം.
തവനൂർ റോഡിലെ ഒരു കടയിൽനിന്ന് ഇയാൾ ഡ്യൂപ്ളിക്കേറ്റ് 500 രൂപയുടെ നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി. എന്നാൽ നോട്ടിൽ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ അവിടെനിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി കുറ്റിപ്പുറം പോലീസിനു കൈമാറി.
പോലീസ് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 500 രൂപയുടെ 391 ഡ്യൂപ്ളിക്കേറ്റ് നോട്ടുകൾ പിടികൂടി.കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി ഭാഗങ്ങളിലായി ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഇയാൾ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ മാർക്കറ്റുകളിൽ ചെലവഴിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാരംഗത്ത് ആർട്ട് അസിസ്റ്റന്റാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എറണാകുളത്തെ ഒരു പ്രസ്സിൽനിന്നാണ് ഇത്തരത്തിൽ സിനിമാ ചിത്രീകരണ ആവശ്യത്തിന് ഡ്യൂപ്ളിക്കേറ്റ് നോട്ടുകൾ പ്രിന്റ് ചെയ്യുന്നത്. ഈ നോട്ടുകളിൽ സിനിമാ ചിത്രീകരണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നത് എന്ന മുന്നറിയിപ്പും പ്രിൻറ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.



